പരമ്പരാഗത വസ്ത്രധാരണ രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ ഹൈക്കോടതിയിൽ
കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ പരമ്പരാഗത വസ്ത്രധാരണ രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കോട്ടും ഗൗണും അടങ്ങുന്ന വസ്ത്രധാരണ രീതി കാലോചിതമായി പരിഷ്‌ക്കരിക്കണം എന്നാണ് നൂറിലധികം വരുന്ന ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ആവശ്യം.
സാരിയും വൈറ്റ് കോളര്‍ ബാന്ഡും കറുത്ത ഗൗണും ധരിച്ച് വേനല്‍ക്കാലത്ത് മണിക്കൂറുകളോളം കോടതി മുറികളില്‍ ഇരിക്കേണ്ടി വരുന്നത് ദുരിതമാണെന്ന് ചൂണ്ടികാണിച്ചാണ് വസ്ത്രധാരണരീതി പരിഷ്‌കരണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.
ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ സാഹചര്യങ്ങളില്‍ സാരികള്‍ ധരിക്കുന്നത് വിഷമകരമാണ്. കീഴ് കോടതികളടക്കമുള്ള കോടതി മുറികളില്‍ ആവശ്യത്തിന് വായു സഞ്ചാരം പോലുമില്ലാത്തവയാണ്. കടുത്ത വേനല്‍ക്കാലത്ത് വായുസഞ്ചാരമില്ലാത്ത മുറികളിലും തിങ്ങിനിറഞ്ഞ കോടതി മുറികളിലും ജോലി ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഇത്രയും പഴക്കമുള്ള വസ്ത്രധാരണ രീതി അവസാനിപ്പിക്കണമെന്നാണ് ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ആവശ്യം