എഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ പുതിയ വിദഗ്ദ്ധ സമിതിയെ നിയമിച്ചു
എഐ ട്രാഫിക് ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ പുതിയ സമിതിയെ നിയമിച്ചു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവർത്തനം വിലയിരുത്തുക. അടുത്ത മാസം 5 ന് മുമ്പ് സമിതി ക്യാമറയുടെ സാങ്കേതികവശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതിന് മുമ്പ് ഒരു സമിതി ക്യാമറ പ്രവർത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചത്.
ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് യോഗം ചേർന്നാണ് തീരുമാനം. യോഗത്തിൽ ഗതാഗത കമ്മീഷണർ, ഐടി മിഷൻ ഡയറക്ടർ, സാങ്കേതിക വിദഗ്‌ധരും ഉൾപ്പെട്ടിരുന്നു. ഗതാഗതത കമ്മീഷണറും- കെൽട്രോണും തമ്മിലുള്ള ധാരണാപത്രം പ്രകാരം ക്യാമറകള്‍ പ്രവർത്തിച്ചു തുടങ്ങുന്നതു വരെ സാങ്കേതിക സമിതി ഓരോ ഘട്ടത്തിലും പരിശോധിക്കാമെന്നാണ് വ്യവസ്ഥ.
അടുത്ത മാസം അഞ്ചിന് ക്യാമറ വഴി പിഴയീടാക്കാനാണ് തീരുമാനം. ക്യാമറകള്‍ വഴി പിഴയീടാക്കും മുമ്പ് വിദഗ്ദ സമിതി അന്തിമ അനുമതി നൽകണം. ട്രാഫിക് ക്യാമറ ഇടപാട് വിവാദമായ പശ്ചാത്തലത്തിൽ നിലവിലെ സാങ്കേതിക സമിതി അംഗീകാരം നൽകണോ മറ്റൊരു സമിതിയെ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്തി അനുമതി നൽകാൻ നിയമിക്കണോയെന്ന് ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.