പൊതുമേഖലാ സ്ഥാപനമായ കേരള സോപ്സ് ഉല്പന്നങ്ങള് അടുത്ത മാസം മുതല്‍ സൗദി അറേബ്യയിലും ലഭ്യമാകും
പൊതുമേഖലാ സ്ഥാപനമായ കേരള സോപ്സ് ഉല്പന്നങ്ങള് അടുത്ത മാസം മുതല്‍ സൗദി അറേബ്യയിലും ലഭ്യമാകും. സൗദി അറേബ്യയിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കേരള സോപ്സ് ഉല്പന്നങ്ങള് ലഭ്യമാക്കാനുള്ള ധാരണാപത്രം മേയ് മാസത്തില്‍ ഒപ്പുവച്ചിരുന്നു.
വളരെ പെട്ടെന്ന് തന്നെ ആദ്യ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഇതോടെ അടുത്ത മാസം മുതല്‍ കേരള സോപ്സ് സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ ലഭ്യമായിത്തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കൂടാതെ യുഎഇ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാന്‍ സാധിച്ച 2022-23 വര്‍ഷത്തിന് ശേഷം 2023-24 വര്‍ഷത്തിലും മികച്ച തുടക്കം നേടാന്‍ കേരള സോപ്സിന് സാധിച്ചിരിക്കുകയാണെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.