Uncategorized

സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രതിപക്ഷ അഭിഭാഷകരുടെ വാദം മാത്രമാണ് കോടതി കേട്ടതെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഏതെങ്കിലും ഒരു ആരോപണം കോടതിക്ക് വിശ്വസനീയമായി തോന്നിയിരുന്നെങ്കില്‍ ഇന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നു. പ്രഥമദൃഷ്ട്യാ ആ ഹര്‍ജിയില്‍ ഇടപെടേണ്ട യാതൊന്നും കോടതി കാണാത്തതുകൊണ്ടാണ് ഇടക്കാല ഉത്തരവിലൂടെ ഈ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രതിപക്ഷ നേതാവിന്റെയും മറ്റും ആവശ്യം കോടതി അംഗീകരിക്കാത്തതെന്നും മന്ത്രി പറഞ്ഞു.


പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നോ അഴിമതിയുണ്ടെന്നോ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരുന്നെങ്കില്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുമായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലാത്തതിനാലാണ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിടാതിരുന്നതെന്നും ആന്റണി രാജു പറഞ്ഞു.

അതേസമയം എഐ ക്യാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

എഐ ക്യാമറ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പൊതുതാത്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button