KOYILANDILOCAL NEWS

മൈലാഞ്ചിക്കൈകൊട്ടിയും ഇശൽ പാടിയും പയ്യോളി ഹൈസ്കൂളിൽ മെഹന്തി ഫെസ്റ്റ്

പയ്യോളി: ആഘോഷ ദിവസങ്ങൾ ചങ്ങാതിമാർക്കൊപ്പം ചേർന്ന് ആഹ്ലാദപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ പയ്യോളി തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മെഹന്തി ഫെസ്റ്റും -ഖയാൽ – 2023 – ഇശൽ സായാഹ്നവും നടത്തി.

രാവിലെ സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ നടന്ന മൈലാഞ്ചിയണിയൽ മത്സരത്തിൽ നൂറ്റമ്പതോളം വിദ്യാർഥികളാണ് പങ്കെടുത്തത്. എല്ലാ വിദ്യാർഥിനികളും രണ്ട് കരങ്ങളിലും അറേബ്യൻ, രാജസ്ഥാനി, ഇന്ത്യൻ ശൈലികളിൽ മെഹന്തിയണിഞ്ഞ് ഫെസ്റ്റിനെ അക്ഷരാർഥത്തിൽ ആഘോഷമാക്കി. കാലത്ത് കുട്ടികൾ ചേർന്ന് പ്രധാനാധ്യാപകൻ
മൂസക്കോയ മാസ്റ്റർക്ക് മൈലാഞ്ചിയണിയിച്ച് മത്സരത്തിന് തുടക്കം കുറിച്ചു.

എല്ലാ ആഘോഷങ്ങളും കുട്ടികളും അധ്യാപകരും ചേർന്ന് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ ബക്രീദിനോടനുബന്ധിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം വിവിധ ഡിസൈനുകളിൽ സഹപാഠിയുടെ കയ്യിൽ ഒരുക്കിയ മൈലാഞ്ചി ചിത്രം കുട്ടികളുടെ ക്രിയാത്മക വൈവിധ്യം വിളിച്ചറിയിച്ചു.

ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്തിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കളാണ് മത്സരഫലം നിർണയിച്ചത്. വൈകീട്ട് ഇ കുഞ്ഞി മുഹമ്മദ് , പ്രേമൻ എ.ടി, പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇശൽ സായാഹ്നത്തിൽ വിദ്യാലയത്തിലെ സംഗീത വിഭാഗം സ്വര മ്യൂസിക് ബാന്റ് അവതരിപ്പിച്ച മുട്ടിപ്പാട്ട് മെഹന്ദി ഫെസ്റ്റിന് ആവേശം പകർന്നു. കുട്ടികൾക്കൊപ്പം അധ്യാപകരായ രാജേഷ്, സുമേഷ് എന്നിവരും വിദ്യാർഥികൾക്കൊപ്പം ഇശലുകൾആലപിച്ചു. മെഹന്ദി ഫെസ്റ്റ് കൺവീനർ സുഫൈന , നിഷ പി, ആബിദ എം , അനിത യുകെ, പ്രിയ, അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ബിജു കളത്തിൽ പരിപാടികൾക്ക് ആശംസകൾ നേർന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button