ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തൊഴിലവസരം ഒരുക്കാൻ ‘പ്രൈഡ്’ പദ്ധതി
ട്രാൻസ്ജെൻഡർ വ്യക്തികളെ അവരുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള ജോലികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യ നീതി വകുപ്പുമായി ചേർന്നു കേരള നോളജ് ഇക്കോണമി മിഷൻ ആരംഭിക്കുന്ന ‘പ്രൈഡ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ആനുപാതികമായ തൊഴിലിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രൈഡ് പദ്ധതി മൂന്നു വർഷം കൊണ്ടു ലക്ഷ്യം നേടണമെന്നു മന്ത്രി വ്യക്തമാക്കി. ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള സാമ്പ്രദായിക ധാരണകളെ മുറിച്ചുകടക്കാൻ ഇപ്പോഴും സമൂഹത്തിനു കഴിഞ്ഞിട്ടില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
അറുപഴഞ്ചൻ ചിന്താരീതികളും വിശ്വാസപ്രമാണങ്ങളും ട്രാൻസ്ജെൻഡർ സമൂഹത്തിനു ഭീഷണിയുയർത്തുന്നുണ്ട്. ഇവർ അനുഭവിക്കുന്ന സങ്കടങ്ങളും നിവൃത്തികേടുകളും പരിഹരിക്കുന്നതിനും, ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടാൻതക്കവിധം സജ്ജരാക്കുകയും ചെയ്യുന്നതിന് സാമൂഹ്യ നീതി വകുപ്പ് ആത്മാർഥമായ പരിശ്രമമാണു നടത്തുന്നത്. ഇതിന്റെ ഭാഗമായാണു ‘പ്രൈഡ്’ പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ നൽകുന്ന സാമ്പത്തിക സ്വയംപര്യാപ്തതയെന്നത് ഈ വിഭാഗത്തിൽപ്പെട്ടവർക്കു വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന യാഥാർഥ്യം മുൻനിർത്തിക്കൂടിയാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.