Uncategorized

സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുക.  അനാഥ/ അഗതി/ വൃദ്ധമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വർക്കർമാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

വയോജന പദ്ധതികൾ സംബന്ധിച്ച് വയോധികരിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടികളെടുക്കണമെന്നാന്ന് പിണറായി വിജയൻ നിർദ്ദേശം നൽകി.

സാമൂഹ്യനീതി വകുപ്പിന് ജില്ലകളിൽ നിലവിൽ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിന്റെ കീഴ്ത്തട്ടിൽ എത്തിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്ക് തലത്തിൽ ഓഫീസുകൾ പ്രവർത്തിപ്പിക്കും. എല്ലാ ബ്ലോക്കിലും വയോമിത്രം കോർഡിനേറ്റർമാരെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നിയമിക്കണം.

ജില്ലാ സാമൂഹ്യനീതി ഓഫീസർ സമയബന്ധിതമായി അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോർട്ട് പരിശോധിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണെന്ന് ഉറപ്പാക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button