അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറി
തിരുവനന്തപുരത്ത് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നായ്ക്കളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
മൃതദേഹം നിലവിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് കുഞ്ഞിന്റെ മൃതശരീരം കരക്കടിഞ്ഞത്. അരണ്ട വെളിച്ചത്തിൽ പാവയുടെ രൂപത്തോട് സാമ്യമുള്ളതിനാൽ ഇത് പാവയാണെന്ന് കരുതി പ്രദേശവാസികൾ ശ്രദ്ധിച്ചില്ല.
പിന്നീട് മൃതദേഹം തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ടിടുകയും അവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുന്നത്. ഉടൻ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.