DISTRICT NEWS

ലോകനാര്‍ക്കാവില്‍ തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

വടക്കേ മലബാറിന്റെ തീര്‍ത്ഥാടന ടൂറിസം ഭൂപടത്തില്‍ സുപ്രധാന സ്ഥാനമുള്ള ലോകനാര്‍ക്കാവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്. ലോകനാര്‍ക്കാവ് ക്ഷേത്രത്തിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടുകൂടിയ നിര്‍മ്മാണ പ്രവൃത്തികളാണ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. 4.50 കോടി രൂപയുടെ പദ്ധതികളാണ് ലോകനാര്‍കാവില്‍ ആകെ നടപ്പിലാക്കുന്നത്. പദ്ധതികളുടെ അവലോകന യോഗം കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎല്‍എയുടെ നേതൃത്വത്തില്‍ ലോകനാര്‍കാവില്‍ ചേര്‍ന്നു.

ലോകനാര്‍ക്കാവിലെത്തുന്ന തീര്‍ത്ഥാടന സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ 95 ശതമാനം പ്രവൃത്തിയും കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പൂര്‍ത്തീകരിച്ചു. ഒരു സമയം 14 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന റൂം, ശീതികരിച്ച മുറികള്‍, ഡോര്‍മെറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതില്‍ ഉള്‍പ്പെടെയാണ് നിര്‍മ്മിക്കുന്നത്. കിഫ്ബി മുഖേന കെ ഐ ഐ ഡി സി നടപ്പിലാക്കുന്ന 3.78 കോടി രൂപയുടെ പ്രവൃത്തികളില്‍ 75 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഊട്ടുപുരയുടെ നിര്‍മ്മാണം ആഗസ്റ്റ് മാസം അവസാനം പൂര്‍ത്തീകരിക്കും. കളരി മ്യൂസിയം പ്രവൃത്തി ഉടനെ ആരംഭിക്കും. പയംകുറ്റിമലയില്‍ കുടിവെള്ളത്തിനായുള്ള ബോര്‍വെല്‍ നിര്‍മ്മാണത്തിനായുള്ള പ്രൊപ്പോസല്‍ ഉടനെ സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ എസ് , ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍, കെഐഡിസി ജനറല്‍ മാനേജര്‍ ശോഭ കെ.എസ് , യുഎല്‍സിസിഎസ് ഡയറക്ടര്‍ പത്മനാഭന്‍, ലോകനാര്‍ക്കാവ് ട്രസ്റ്റ് ബോര്‍ഡ് പ്രതിനിധികള്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button