Uncategorized
ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി
ഡോക്ടർമാരുടെയും സീനിയർ റസിഡൻസിൻസിന്റെയും കുറവ് കാരണം ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കൽ കമ്മീഷൻ പരിശോധന നടത്തിയ ശേഷമാണ് പുതിയ പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരം റദ്ദാക്കിയത്. അംഗീകാരം നഷ്ടമായ കാര്യം ആരോഗ്യ സർവ്വകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.
അര നൂറ്റാണ്ട് പ്രവർത്തന പരിചയമുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിനാണ് അംഗീകാരം നഷ്ടമായിരിക്കുന്നത്. കോഴിക്കോട്, തൃശ്ശൂർ , പരിയാരം മെഡിക്കൽ കോളേജുകളിലെ ചില പിജി സീറ്റുകളും നഷ്ടമായിട്ടുണ്ട്. അതേസമയം ഈ വർഷത്തെ പ്രവേശനത്തെ ബാധിക്കാതിരിക്കാനുള്ള നടപടകിൾ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മീഷൻ തടഞ്ഞിരുന്നു. മൂന്നിടത്തുമായി ആകെ 450 സീറ്റുകളാണ് തടഞ്ഞിരുന്നത്. തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ അൻപതാക്കി കുറച്ചിരുന്നു. അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തതടക്കം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
Comments