DISTRICT NEWSMAIN HEADLINES

ഹരിത പഞ്ചായത്ത്,  സീറോവേസ്റ്റ് പഞ്ചായത്ത് പദ്ധതി പ്രഖ്യാപനം നടത്തി


കോഴിക്കോടിനെ ശുചിത്വ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ശുചിത്വ കോണ്‍ഫറന്‍സ് അവലോകന യോഗം ജില്ലാകലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ പഞ്ചായത്തുകളിലും മിനി എം. സി. എഫ് സ്ഥാപിക്കാന്‍ യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഹരിത പഞ്ചായത്ത്,  സീറോവേസ്റ്റ് പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവും യോഗത്തില്‍ നടന്നു. ഹരിത പൗരന്‍, ഹരിത കുടുംബം,  ഹരിത സ്ഥാപനം, ഹരിത പാഠശാല, ഹരിത വാര്‍ഡ്, സീറോ വേസ്റ്റ് പഞ്ചായത്ത്, ഹരിത പഞ്ചായത്ത് എന്നിങ്ങനെയാണ് പദ്ധതി നടപ്പിലാക്കുക.

കൃത്യമായ മാലിന്യ പരിപാലനത്തിലൂടെ ഒരു വ്യക്തിക്ക് സ്വയം ഹരിത പൗരനായി പ്രഖ്യാപിക്കാം. മാലിന്യമുക്തമായ വീടുകള്‍ക്ക് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ഹരിത കുടുംബബാഡ്ജ് നല്‍കും. ഹരിതകേരള മിഷന്റെ മാനദണ്ഡങ്ങള്‍ 70 ശതമാനത്തില്‍ കൂടുതല്‍ പാലിക്കുന്നുണ്ടെങ്കില്‍ സ്ഥാപനങ്ങളെ ഹരിത സ്ഥാപനമായി പ്രഖ്യാപിക്കും. ഇവര്‍ക്ക് ഹരിത സ്ഥാപന ബാഡ്ജ് നല്‍കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണം, മിനി എം. സി. എഫ്, പൂന്തോട്ടം, ഔഷധതോട്ടം, പച്ചക്കറി തോട്ടം എന്നിവയുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്ന വിദ്യാലയങ്ങളെയാണ് ഹരിത പാഠശാലയായി പ്രഖ്യാപിക്കുക. ഹരിത കര്‍മ്മ സേന, മിനി എം സി എഫ്, വൃത്തിയുള്ള പൊതു ഇടങ്ങള്‍, 60 ശതമാനം വീടുകളിലും ജൈവ മാലിന്യ സംസ്‌കരണ പദ്ധതി, വാര്‍ഡിലെ 60 ശതമാനം അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനക്ക് കൈമാറുന്നു എന്നിങ്ങനെയുളള വാര്‍ഡുകളെ ഹരിത വാര്‍ഡായി പ്രഖ്യാപിക്കും.

ജില്ലാ ഭരണകൂടമാണ് സീറോ വേസ്റ്റ് പഞ്ചായത്തുകളെ തെരഞ്ഞെടുക്കുക. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, 50 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍, കുറ്റമറ്റ എം.സി.എഫ് പ്രവര്‍ത്തനം, 60 ശതമാനം വീടുകളിലും ജൈവ മാലിന്യ സംസ്‌കരണ സംവിധാനം, പഞ്ചായത്തുകളിലെ 60 ശതമാനം വീടുകളിലും മുനിസിപ്പാലിറ്റിയില്‍ 70 ശതമാനം വീടുകളിലും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേന കൈമാറണം, ശുചിത്വ സാക്ഷരത ഉറപ്പുവരുത്തുക എന്നീ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പഞ്ചായത്തുകളെ  സീറോ വേസ്റ്റ്
പഞ്ചായത്തായി പ്രഖ്യാപിക്കും.

സീറോ വേസ്റ്റ് പഞ്ചായത്ത് ആയി പ്രഖ്യാപിച്ച,  100 ശതമാനം ആളുകള്‍ക്കും സുചിത്വ സാക്ഷരത ക്ലാസുകള്‍ ലഭിച്ച പഞ്ചായത്തുകളെയാണ് ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുക. മാലിന്യ കൂമ്പാരങ്ങള്‍ ഹരിത തോട്ടങ്ങള്‍ ആക്കി മാറ്റുക, കംഫര്‍ട് സ്റ്റേഷനുകളുടെ തൃപ്തികരമായ ശുചീകരണവും പരിപാലനവും, പഞ്ചായത്തില്‍ ഒരു സ്ഥലത്ത് എങ്കിലും പച്ചത്തുരുത്ത്, തരിശുനില ഭൂമി കൃഷിയിടങ്ങള്‍ ആക്കി മാറ്റുക, പഞ്ചായത്തിലെ രണ്ട് സ്ഥലത്ത് എങ്കിലും ഗ്രീന്‍ പാര്‍ട്‌ണേഴ്‌സ് പദ്ധതി നടപ്പിലാക്കുക, ഹരിത നിയമാവലി നടപ്പിലാക്കുക, ജലസ്രോതസ്സുകളും ജലാശയങ്ങളും മലിനമാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയും ഹരിത പഞ്ചായത്തിനെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ്.

ജനുവരി ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുന്ന സാഹചര്യത്തില്‍ സമാന്തര ഉത്പന്നങ്ങള്‍ കുടുംബശ്രീ മുഖേന നിര്‍മ്മിക്കും. ഓരോ പഞ്ചായത്തുകളിലും ബ്ലോക്കിലേക്ക് മുഴുവന്‍ ആവശ്യമായ രീതിയില്‍ വ്യത്യസ്തമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. തുണി സഞ്ചി, പേപ്പര്‍ ബാഗുകള്‍, ആഘോഷ പരിപാടികള്‍ക്ക് ആവശ്യമായ പുനരുപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ എന്നിവയാണ് ഉത്പാദിപ്പിക്കുക. ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളിലെ എം.സി.എഫ്, എം. ആര്‍. എഫ് പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി. ഇനിയും പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത പഞ്ചായത്തുകള്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശുചിത്വ മിഷന്‍ പഞ്ചായത്തുകളില്‍ വാട്ടര്‍ എ. ടി. എം സ്ഥാപിക്കും. പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് എ. ടി. എം സ്ഥാപിക്കുക.  ആര്‍ദ്രം,  ലൈഫ് മിഷനുകള്‍ മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.

യോഗത്തില്‍ സബ് കലക്ടര്‍ ജി. പ്രിയങ്ക, ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി. പ്രകാശ്,  കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍, കോഴിക്കോട് കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗം പി. സി രാജന്‍,  അഡി.ഡി. എം. ഒ ഡോ. ആശ ദേവി,  കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സി കവിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,  സെക്രട്ടറിമാര്‍,  ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button