Uncategorized
ഹെൽമറ്റിനകത്ത് പാമ്പുമായി രണ്ട് മണിക്കൂറോളം കറങ്ങി നടന്ന് യുവാവ്
തൃശൂർ: ഹെൽമറ്റിനകത്ത് പാമ്പുമായി രണ്ട് മണിക്കൂറോളം കറങ്ങി നടന്ന് യുവാവ്. കോട്ടപ്പടി സ്വദേശിയായ യുവാവാണ് തലയിൽ വച്ച ഹെൽമറ്റിനകത്ത് പാമ്പുണ്ടെന്ന് അറിയാതെ ബൈക്കിൽ കറങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വൈകിട്ട് ഏഴ് മണിയോടെ ഹെൽമറ്റ് വച്ച് ബൈക്കുമെടുത്ത് യുവാവ് ഗുരുവായൂരിൽ പോയി. കോട്ടപ്പടി പള്ളിയിൽ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടു. ഈ സമയം തലയിൽ നിന്ന് ഊരിയ ഹെൽമെറ്റ് ബൈക്കിൽ തന്നെ വച്ചു. രാത്രി ഒൻപത് മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഹെൽമറ്റ് ഊരിയതോടെ പാമ്പിൻ കുഞ്ഞ് താഴേക്ക് വീണു.
പാമ്പിനെ കണ്ടതും യുവാവ് പരിഭ്രാന്തിയിലായി. തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രക്തം പരിശോധിച്ച് ശരീരത്തിൽ വിഷാംശം ഇല്ലെന്ന് ഉറപ്പാക്കി രണ്ട് മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.
Comments