DISTRICT NEWS

സ്വകാര്യ ബസിനു മുകളിൽ കയറി യാത്ര ചെയ്ത സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

സ്വകാര്യ ബസിനു മുകളിൽ കയറി യാത്ര ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. ബസ് ജീവനക്കാരും ഉടമയും നാളെ ചേവായൂർ എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചതായി എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജുമോൻ അറിയിച്ചു.

കോഴിക്കോട് – ബാലുശ്ശേരി – കിനാലൂർ റൂട്ടിലോടുന്ന ബസിന്റെ മുകളിൽ കയറിയാണ് ഏതാനും പേർ യാത്ര ചെയ്തത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൂന്നു പേർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകും. തുടർന്നു ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും നോട്ടിസ് നൽകുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു. 

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയായിരുന്നു. ബസിന്റെ വാതിലുകളിലും കമ്പിയിലും തൂങ്ങി ഒട്ടേറെ പേർ യാത്ര ചെയ്യുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ബസിന്റെ പിന്നിൽ സഞ്ചരിച്ച ആരോ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. കഴിഞ്ഞ രാത്രി കാരപ്പറമ്പ് മുതൽ ഹോമിയോ കോളജ് സ്റ്റോപ്പ് വരെയുള്ള ഭാഗത്തെ ദൃശ്യങ്ങളാണ് ഇതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഹോമിയോ കോളജ് സ്റ്റോപ്പിൽ വച്ച് ഒരാൾ നേരെ കോണി കയറി ബസിനു മുകളിലേക്കു പോകുന്നതു കാണാം. ഈ ബസിനു മുൻപ് പോകേണ്ട 2 ബസുകൾ ഓടാതിരുന്നതിനാൽ യാത്രക്കാരുടെ വലിയ തിരക്ക് ഉണ്ടായിരുന്നതായും 4 പേർ മുകളിൽ കയറിയത് ശ്രദ്ധയിൽപെട്ടതോടെ ഇവരെ ബസിന്റെ ഉള്ളിലേക്കു കയറ്റിയതായും ജീവനക്കാർ അധികൃതരെ അറിയിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button