DISTRICT NEWS

നിപ : രോഗബാധിത പ്രദേശങ്ങളെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

ജില്ലയിൽ മരുതോങ്കര ഗ്രാമപഞ്ചായത്തിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ
1,2,3,4,5,12,13,14,15 വാർഡുകൾ,
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ
1,2,3,4,5,12,13,14 വാർഡുകൾ,
തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ
1,2,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ
3,4,5,6,7,8,9,10 വാർഡുകൾ,
കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പളളി ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ
കാവിലും പാറ ഗ്രാമപഞ്ചായത്തിലെ
2,10,11,12,13,14,15,16 വാർഡുകൾ എന്നിവയാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

കണ്ടയിൻമെൻ്റ് സോണായ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. പ്രസ്തുത വാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തുന്നുണ്ടെന്ന് പോലീസും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും ഉറപ്പുവരുത്തേണ്ടതാണ്.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ ഈ പ്രദേശങ്ങളിൽ അനുവദനീയമായിട്ടുള്ളു. ഇവയുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമായി പരിമിതപ്പെടുത്തി. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതാണ്. എന്നാൽ സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖല-ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ് .

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ്.

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണെന്ന് കലക്ടർ ഉത്തരവിട്ടു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button