Uncategorized

പാലക്കാട് വയലിൽ കുഴിച്ചിട്ട യുവാക്കളുടെ മൃതദേഹം പുറത്തെടുത്തു

പാലക്കാട്കരിങ്കരപ്പുള്ളിയിൽ വയലിനരികെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം പുറത്തെടുത്തു. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് വിവരം.

ഞായർ വൈകിട്ട്‌ വേനോലി– കൊട്ടേക്കാട്‌ റോഡിൽ അടി നടന്നശേഷം സതീഷ്‌, ഷിജിത്ത്‌ എന്നിവരെ കാണാതായിരുന്നു. തുടർന്ന്‌, ഇരുവരുടെയും ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ ഇവരുൾപ്പെടെയുള്ള നാലുപേർ ഒളിവിൽ പോയത്‌ സതീഷിന്റെ അമ്പലപ്പറമ്പിലെ ബന്ധുവീട്ടിലായിരുന്നു. കസബ, ടൗൺ സൗത്ത്‌ പൊലീസ്‌ സ്‌റ്റേഷനുകളാണ്‌ ഇവർക്കെതിരെ കേസെടുത്തത്‌. 

തിങ്കൾ പുലർച്ചെ പൊലീസ്‌ ഇവരെ തേടി പ്രദേശത്ത്‌ എത്തിയിരുന്നു. പൊലീസ്‌ വാഹനം കണ്ട്‌ കൂട്ടത്തിലെ സതീഷും ഷിജിത്തും പാടത്തിനുസമീപത്തേക്കാണ്‌ ഓടിയത്‌. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ചൊവ്വാഴ്‌ച കസബ സ്‌റ്റേഷനിൽ കീഴടങ്ങി. സതീഷിനെയും ഷിജിത്തിനെയും കാണാനില്ലെന്നും പരാതിപ്പെട്ടു. പിന്നാലെയാണ്‌ കുഴിച്ചിട്ടനിലയിൽ രണ്ട്‌ മൃതദേഹങ്ങൾ കാണപ്പെട്ടത്‌. പൊലീസ്‌ വാഹനം കണ്ട്‌ ഓടിയപ്പോൾ വൈദ്യുതവേലിയിൽനിന്ന്‌ ഷോക്കേറ്റാകാം മരണമെന്നും സംശയിക്കുന്നു.

സംഭവത്തിൽ വയലുടമയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കുറ്റസമ്മതം നടത്തി. യുവാക്കളുടെ മരണത്തിനു പിന്നിൽ‌ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button