കൊയിലാണ്ടിയിൽ മോഷണം വ്യാപകമായതോടെ ശക്തമായ നടപടികളുമായി പോലീസ് രംഗത്ത്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം വ്യാപകമായതോടെ ശക്തമായ നടപടികളുമായി പോലീസ് രംഗത്ത്. മോഷ്ടാക്കളെ കുടുക്കാൻ രാത്രികാല പെട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി സി.ഐ.എം.വി.ബിജു, എസ്.ഐ.മാരായ അനീഷ് വടക്കയിൽ, പി.എം. ശൈലേഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് സംഘത്തെ മൂന്നു യുണിറ്റുകളാക്കി, നഗരത്തിലും, ഉൾഗ്രാമങ്ങളിലും പെട്രോളിംഗ് നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിലെ വീടുകളിൽ മോഷണം നടന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടികൾ ശക്തമാക്കിയത്.
പെട്രോളിംങ്ങിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ മോഷ്ടിച്ച മൊബൈൽ ഫോണുമായി യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. മുചുകുന്ന് എരോത്ത് താഴ സുഗീഷ്-35-നെയാണ് മരളൂർ ക്ഷേത്രത്തിനു സമീപം വെച്ച് പോലീസ് പിടികൂടിയത് എസ്.ഐ.എ.അനീഷ് , എസ്.സി. പി.ഒ.മാരായ ടി.പി.പ്രവീൺ , കെ.ഷൈജു തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
പിടിയിലായ യുവാവ് കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടിബസ് സ്റ്റാൻ്റിൽ വെച്ച് ഒരാളെ ആക്രമിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും കഴിഞ്ഞ വർഷങ്ങളിൽ നടന്ന നിരവധി മൊബൈൽ മോഷണ കേസിലെ പ്രതിയുമാണ്.