Uncategorized

ഇറാനിലെ തടവറയിലേക് സമാധാനത്തിന്റെ നൊബേൽ സമ്മാനമെത്തുമ്പോൾ……..

ഇറാനിലെ തടവറയിലേക് സമാധാനത്തിന്റെ നൊബേൽ സമ്മാനമെത്തുമ്പോൾ……..

ഇറാനിലെ അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന തലക്കുറിയിൽ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന ഇറാനിലേക് സമാധാനത്തിന്റെ പുരസ്‌കാരം, അതും ഒരു വനിതയിലൂടെ ചെന്നെത്തുന്നത് ഏറെ പ്രതീക്ഷ ഉയർത്തുന്നതാണ്.

സമാധാനത്തിന്റെ നൊബേൽ സമ്മാനം ഇത്തവണ തനിക്കാണെന്ന്, ജയിലിൽ കിടന്നാണ് നർഗീസ് അറിയുന്നത്. ഇപ്പോഴും ജയിലിൽ കഴിയുന്ന ഇവരെ 13 തവണയാണ് ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തത്. അഞ്ചു തവണ കുറ്റക്കാരിയായി വിധിച്ചു. ഇപ്പോൾ 31 വർഷത്തേക്ക് ശിക്ഷിച്ച് ജയിലിൽ അടച്ചിരിക്കയാണ്. നൊബേൽ പ്രൈസ് വെബ് സൈറ്റ് പറയുന്നു.


ഭൗതിക ശാസത്രം പഠിച്ചു കുറച്ചുകാലം എഞ്ചിനീയർ ആയി ജോലി നോക്കിയിരുന്ന നർഗീസ് പത്രങ്ങളിൽ ഇറാൻ സ്ത്രീകളെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ചും കോളങ്ങൾ എഴുതി ശ്രദ്ധ നേടി. ഇപ്പോഴവർ ഷിറിൻ എബദ് സ്ഥാപിച്ച ടെഹ്‌റാനിലെ ‘ഡിഫെൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ് സെന്ററിന്റെ’ ഭാഗമായി പ്രവർത്തിച്ചുവരികയാണ്.

അന്യായമായി തടവിലടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും കുടുംബങ്ങളേയും സഹായിക്കുന്നു എന്ന കുറ്റം ചുമത്തിയാണ് 2011 ൽ നർഗീസിനെ ആദ്യമായി ജയിലിൽ അടയ്ക്കുന്നത്. രണ്ട് വർഷത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയ അവർ വധശിക്ഷയ്ക്കെതിരായ പ്രചാരണം, ഇറാന്റെ തെരുവിൽ ശക്തമാക്കിയതോടെ 2015 ൽ വീണ്ടും ജയിലടക്കപ്പെട്ടു. ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലിൽ കഴിയുന്ന നർഗീസ് ജയിലിലും വെറുതെ ഇരിക്കുന്നില്ല. രാഷ്ട്രീയ തടവുകാർക്കും, പ്രത്യേകിച്ച് സ്ത്രീ തടവുകാർക്കും മേൽ ഭരണകൂടം നടത്തുന്ന പൈശാചിക പീഡനങ്ങൾക്കും, ലൈംഗികാതിക്രമങ്ങൾകുമെതിരെയുള്ള, ഉറച്ച ശബ്ദമായി മാറിയതോടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി.

നർഗീസിന് നൊബേൽ നൽകുന്നതിലൂടെ ഇറാനിലെ സ്ത്രീകളുടെ, ജനങ്ങളുടെ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി അവർ നൽകിയ പോരാട്ടത്തെ ആദരിക്കുക കൂടിയാണെന്നു നോർവീജിയൽ നൊബേൽ കമ്മറ്റി സാക്ഷ്യപെടുത്തുന്നു.

ലോകമാകെ ശ്രദ്ധിച്ച ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്‌ സ്ത്രീകളും വിദ്യാർത്ഥികളുമായിരുന്നല്ലോ. കഴിഞ്ഞ സെപ്തമ്പർ മാസത്തിലാണ് ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ടെഹറാൻ പോലീസ് പിടികൂടിയ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ പ്രതിഷേധിച്ച് സ്ത്രീകൾ കൂട്ടത്തോടെ തെരുവിലിറങ്ങി. സ്വന്തം വസ്ത്രം ഉരിഞ്ഞെറിഞ്ഞ് പോലും അവർ പ്രതിഷേധിച്ചു. സ്ത്രീകളുടെ സമരം പോലീസ് നിഷ്ഠൂരമായി അടിച്ചമർത്തി. ധാരാളം സ്ത്രീകൾ രാജ്യത്താകമാനം തടവിലാക്കപ്പെട്ടു. 300 ലധികം പേരാണ് ഈ സമരത്തിൽ രക്തസാക്ഷികളായത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന ഐക്കണിൽ
 ലോകമാകെ അനുരണനങ്ങൾ സൃഷ്ടിക്കാൻ ആ പ്രക്ഷോഭത്തിനായി.

എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തനുമായ താഗി റഹ്മാനിയയാണ് ഇവരുടെ ഭർത്താവ്. അലി, കിയാന എന്നിങ്ങനെ ഇരട്ടകളായ രണ്ട് മക്കളുണ്ടിവർക്ക്. ഇറാനിൽ ജീവിക്കുന്നത് ബുദ്ധിമുട്ടായത് കൊണ്ട് കുടുംബം ഇപ്പോൾ പാരീസിലാണ് താമസിക്കുന്നത്. അങ്ങോട്ട് താമസം മാറുന്നതിന് നർഗീസ്  സന്നദ്ധമായി ല്ല. മനുഷാവകാശ പ്രവർത്തനങ്ങളുമായി ഇറാനിൽ തന്നെ തുടരാനായിരുന്നു അവരുടെ തീരുമാനം. തന്റെ നിലപാടുകളുമായി മുന്നോട്ടു പോയ ഇവർ വീണ്ടും ജയിലിലായി. എട്ടുവർഷത്തിലധികമായി തന്റെ കുട്ടികളെ കാണാൻ പോലും നർഗീസിന് അവസരം ലഭിച്ചിരുന്നില്ല.

ഈ അംഗീകാരം മാറ്റങ്ങൾക്കായി പൊരുതുന്ന ഇറാൻ ജനതക്ക് മാത്രമല്ല; സമാന സഹചര്യങ്ങളിൽ ലോകത്താകമാനം പൊരുതുന്ന സ്ത്രീകൾക്കാകെ കരുത്തു പകരുന്ന ഒന്നാണ് എന്ന് നിസ്സംശയം പറയാം. കൂടുതൽ കരുത്തും സംഘബോധവും പകരുന്നതോടൊപ്പം, കൂടുതൽ നിശ്ചയദാർഢ്യത്തോടെയും ഉത്തരവാദിത്തത്തോടെയും പോരാട്ടം മുന്നോട്ടു കൊണ്ടുപോകാൻ, തനിക്ക് ശക്തി പകർന്നു നൽകുകയാണ് ഈ അവാർഡിന് രെഞ്ഞെടുക്കപ്പെടുക വഴി, സംഭവിച്ചതെന്ന് ജയിലിൽ നിന്ന് നർഗീസ് ലോകത്തെ അറിയിക്കുന്നു. ആവേശത്തോടെയല്ലാതെ നമുക്കീ വാക്കുകൾ ശ്രവിക്കാനാകുമോ?

സമകാലിക കേരളത്തിന്റെ പശ്ചാത്തലത്തിലും ഇവരുടെ വാക്കുകൾ അർത്ഥഗർഭമാണ്. തട്ടത്തിൽ കുരുങ്ങിയും ഗണപതിയിലുടക്കിയും മുന്നോട്ടു പോകുന്ന നമ്മുടെ ശബ്ദായമാനമായ വിവാദങ്ങൾ എത്രമാത്രം അന്തസ്സാരശൂന്യമാണ് എന്ന് സ്വയം ബോദ്ധ്യപ്പെടാനെങ്കിലും ഈ സന്ദർഭം ഉതകുമെങ്കിൽ അത്രയും നല്ലത്.

ജിംലി ആവള

– മാധ്യമ പ്രവർത്തക

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button