Uncategorized
കേരളത്തിലെ അതിദരിദ്ര വിഭാഗത്തിലുള്ള 5,632 കുടുംബങ്ങൾക്ക് ഭൂമി നൽകും – മന്ത്രി കെ രാജൻ
കേരളത്തിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന ഭൂമിയില്ലാത്ത 5,632 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പ് ഭൂമി നൽകുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ശിവപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ വീട് നൽകും. ഇവർക്ക് സൗജന്യ റേഷനും കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. കെ. എം സച്ചിൻ ദേവ് എം. എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
50 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ശിവപുരം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 1,518 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ഇരുനില കെട്ടിടത്തിൽ വെയ്റ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, ഓഫീസ്, റെക്കോർഡ് റൂം, ഡൈനിംഗ്, മീറ്റിംഗ് റൂം, സ്റ്റാഫുകൾ, സന്ദർശകർ, അംഗപരിമിതർ എന്നിവർക്കായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഫീസ് പ്രവർത്തനങ്ങൾക്കാവശ്യമായ ഫർണ്ണീച്ചറുകൾ, ഇലക്ട്രിഫിക്കേഷൻ, ലാന്റ് കേബിളിംഗ് എന്നീ പ്രവർത്തികളും പൂർത്തീകരിച്ചു.
സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിണൽ എഞ്ചിനീയർ കെ. എം ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര എറാടിയിൽ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വാഗതവും താമരശ്ശേരി തഹസിൽദാർ പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Comments