ജില്ലാ കേരളോത്സവം: കലാമത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

കേരളോത്സവം ജില്ലാതല കലാമത്സരങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാവും. പുറമേരിയിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് കലാമത്സരം അരങ്ങേറുക. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് മത്സരങ്ങൾ. 12 ബ്ലോക്കുകളിൽ നിന്നും ഏഴു മുനിസിപ്പാലിറ്റിയിൽ നിന്നും കോഴിക്കോട് കോർപ്പറേഷനിൽ നിന്നുമായി 2000-ത്തോളം കലാകാരന്മാരാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന ദിവസം ഓഫ് സ്റ്റേജ് മത്സരങ്ങളും നാടകവുമാണ് അരങ്ങേറുക. ഡിസംബർ രണ്ട്, മൂന്ന് തിയ്യതികളിലാണ് സ്റ്റേജ് ഇന മത്സരങ്ങൾ. മൂന്ന് ദിവസങ്ങളിലായി 60 ഇനങ്ങളിലാണ് മത്സരങ്ങൾ.
ഡിസംബർ ഒന്നിന് വൈകുന്നേരം നാലു മണിയ്ക്ക് ആരംഭിക്കുന്ന ഘോഷയാത്രക്ക് ശേഷം സിനിമാതാരവും എഴുത്തുകാരനുമായ മധുപാൽ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി അധ്യക്ഷത വഹിക്കും പരിപാടിയിൽ വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കലാ സാംസ്കാരിക പ്രവർത്തകർ, യുവജന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
ഡിസംബർ മൂന്നിന് വൈകുന്നേരം നാല് മണിയ്ക്ക് സമാപന സമ്മേളനം കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിനിമാതാരം എ.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും.