DISTRICT NEWS
വനിതാ കമ്മിഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘പരിസ്ഥിതിയും സ്ത്രീ പ്രശ്‌നങ്ങളും’ സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്തു
പരിസ്ഥിതിയും സ്ത്രീപ്രശ്നങ്ങളും എന്ന വിഷയത്തിൽ കേരള വനിതാ കമ്മിഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംഘടിപ്പിച്ച സെമിനാർ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനസർക്കാർ ഏറ്റെടുത്ത ഏതു പദ്ധതിയും പൂർണ മനസോടെയും ദൃഢനിശ്ചയത്തോടെയും ഏറ്റെടുക്കാൻ സ്ത്രീകൾ മുന്നോട്ടുവന്നതിന്റ തെളിവും കേരളത്തെ മാലിന്യമുക്തമാക്കാൻ ഏറ്റവും വലിയ പങ്കുവഹിച്ചത് സ്ത്രീകളാണെന്നതിന്റെ ഉദാഹരണവുമാണ് ഹരിത കർമസേനയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
വായുമലിനീകരണം പോലുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ രാജ്യം നേരിടുന്ന കാലത്ത് സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം നല്കാൻ വനിതാ കമ്മീഷൻ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.
കോഴിക്കോട് ടൗണ്ഹാളില് നടന്ന സെമിനാറില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സെമിനാറില് ‘സുസ്ഥിര പരിസ്ഥിതി സംരക്ഷണം: ലിംഗപദവി വികസന വീക്ഷണത്തില്‘ എന്ന വിഷയത്തില് സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ സി.എസ്. ചന്ദ്രികയും ‘പ്രകൃതി ദുരന്തങ്ങള്: സ്ത്രീപക്ഷ സമീപനം’ എന്ന വിഷയത്തില് വനിതാ കമ്മീഷന് റിസര്ച്ച് ഓഫീസര് എ.ആര്. അര്ച്ചനയും സംസാരിച്ചു.വനിതാ കമ്മിഷന് മെമ്പര് സെക്രട്ടറി സോണിയ വാഷിംഗ്ടണ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.പി. നിഷ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന, ജില്ലാ വനിതാ ശിശു വികസന ഓഫീസര് സബീന ബീഗം, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ആര്. സിന്ധു എന്നിവര് സംസാരിച്ചു.
Comments