KERALA

ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പ്രധാനവേദിയായ ടാഗോർ തീയേറ്ററിലാണ് ഉദ്ഘാടന സമ്മേളനം നടന്നത്. എട്ട് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. 15 വേദികളിലായി നടക്കുന്ന ചലച്ചിത്ര മേള ഈ മാസം 15ന് അവസാനിക്കും.

സുഡാനിയൻ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ് ബൈ ജൂലിയ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. യുദ്ധഭൂമിയിൽ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളും സുഡാനിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും വരച്ചുകാട്ടുന്നതാണ് ഈ ചിത്രം.

അതേസമയം രാജ്യാന്തര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കമാകും. അതിജീവനം, പ്രണയം, ത്രില്ലർ തുടങ്ങി സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ആദ്യദിനത്തിൽ പ്രദർശിപ്പിക്കുക. സതേൺ സ്റ്റോം, പവർ അലി, ദി സ്‌നോ സ്റ്റോം, ഓൾ ദി സയലൻസ്, ആഗ്ര, തടവ്, ഫാമിലി എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മത്സരചിത്രങ്ങൾ.

മലയാളത്തിലെ ക്ലാസ്സിക്കുകളായ ഓളവും തീരവും, യവനിക, ഭൂതക്കണ്ണാടി, വാസ്തുഹാര എന്നിവ വീണ്ടും തിരശീലയിൽ എത്തും. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ദി ഓർ പുരസ്‌കാരം നേടിയ ജസ്റ്റിൻ ട്രീറ്റ് ചിത്രം ‘ദി അനാട്ടമി ഓഫ് എ ഫാൾ’ ഉൾപ്പടെ 62 സിനിമകൾ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ ലോക സിനിമയിലെ അതികായന്മാരായ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങളും രാജ്യാന്തര മേളയിൽ പ്രദർശനത്തിനെത്തും. വിഖ്യാത പോളിഷ് ചലച്ചിത്രകാരൻ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button