ഗവർണരുടെ ക്രിസ്തുമസ് വിരുന്നിന് സംസ്ഥാന സർക്കാർ ഏഴ് ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: ഗവർണരുടെ ക്രിസ്തുമസ് വിരുന്നിന് സംസ്ഥാന സർക്കാർ ഏഴ് ലക്ഷം രൂപ അനുവദിച്ചു. ഗവർണറും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് നടപടി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്തുമസ് വിരുന്നിന് ഇത്രയും പണം അനുവദിച്ചത്.
പത്താം തീയതിയായിരുന്നു ക്രിസ്തുമസ് ആഘോഷം, എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി. രാജ്ഭവനിൽ നടന്ന വിരുന്നിൽ പൗരപ്രമുഖർ അടക്കമുള്ളവരെ ഗവർണർ ക്ഷണിച്ചിരുന്നു. നവകേരള സദസ്സിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഗവർണർ. 16 ന് കോഴിക്കോടെത്തുന്ന ഗവർണർ 18 വരെ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.