ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും
![](https://calicutpost.com/wp-content/uploads/2023/12/6-8.jpg)
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. വിധി പ്രസ്താവന വന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയും മറ്റു കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടിക്കരഞ്ഞാണ് രോഷം പ്രകടിപ്പിച്ചത്. കോടതി വിധിക്കെതിരെയും ജഡ്ജിക്കെതിരെയും വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.
![](https://calicutpost.com/wp-content/uploads/2023/12/shobhika-f-650x481-2.jpeg)
പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി സംബന്ധിച്ച വിധി പകര്‍പ്പ് ഉള്‍പ്പെടെ പുറത്തുവന്നിട്ടില്ല. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന് പറഞ്ഞിരുന്നു.
അതേസമയം, പ്രതിയെ വെറുതെവിട്ട വിധി വന്നതിന് പിന്നാലെ കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ യഥാര്‍ത്ഥ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത തേടുകയാണ് പ്രൊസിക്യൂഷന്.