KERALA

ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

ശബരിമല:  പല സ്ഥലങ്ങളിൽ നിന്ന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരില്‍ നിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ലീഗല്‍ മെട്രോളജി വകുപ്പിനെ ഇതിനായി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജികളില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കടകളിലെ അംഗീകൃത വില നിലവാരം  വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു.

ഹര്‍ജിയില്‍ റാന്നി – പെരുന്നാട് പഞ്ചായത്തിനെ കക്ഷി ചേര്‍ത്തിരുന്നെങ്കിലും ആരും ഹാജരായില്ല. അതേസമയം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് എരുമേലി പഞ്ചായത്ത് ഉറപ്പു നല്‍കി. സന്നിധാനത്തെ അണ്ടര്‍ പാസ് വൃത്തിയാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മണ്ഡല മകര വിളക്ക് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങിയെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്‌പോട്ട് ബുക്കിങ്ങില്‍ മാറ്റം വരുത്താനും ഹൈക്കോടതി അനുമതി നല്‍കി.

ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു തടയാന്‍ സന്നിധാനം, പമ്പ, എരുമേലി, നിലയ്‌ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.  അമിതവില ഈടാക്കുന്നത് കണ്ടെത്തിയാല്‍ അക്കാര്യം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെയും ദേവസ്വം ബോര്‍ഡിനെയും അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button