മാഹി സെന്റ് തെരേസാസ് തീർത്ഥാടനകേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പാ ബസലിക്കയായി ഉയർത്തി
കോഴിക്കോട് : മാഹി സെന്റ് തെരേസാസ് തീർത്ഥാടന കേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പാ ബസലിക്കയായി ഉയർത്തിയാതായി കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ അറിയിച്ചു . കോഴിക്കോട് രൂപതയിലെ ഈ തീർത്ഥാടനകേന്ദ്രം കേരളത്തിലെ പതിനൊന്നാമത്തേതും വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്കയുമായി മാറും.
1736-ലാണ് മയ്യഴി അമ്മയുടെ ദേവാലയം എന്ന് അറിയപ്പെടുന്ന മാഹി പള്ളി സ്ഥാപിതമായത്. ശതാബ്ദിയിലെത്തിയ കോഴിക്കോട് രൂപതയ്ക്കുള്ള അംഗീകാരവും ക്രിസ്തുമസ് സമ്മാനവുമാണിതെന്ന് ബിഷപ്പ് പറഞ്ഞു. ഒരുപാട് പഠനങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ബഹുമതി നൽകുന്നത്. ആരാധനക്രമം, കൂദാശകൾ, പ്രശസ്തി, സൗന്ദര്യം, ചരിത്രം, വാസ്തുവിദ്യ തുടങ്ങിയവ പരിഗണിച്ച പഠനങ്ങളാണ് നടന്നത്. ബസലിക്കയായതിന്റെ കൃതജ്ഞത ബലി ഉടൻ നടത്തുമെന്ന് അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈദികരായ ജെൻസൻ പുത്തൻവീട്ടിൽ, വിൻസെന്റ് പുളിക്കൽ, സജീവ് വർഗീസ്, പോൾ പേഴ്സി എന്നിവരും പങ്കെടുത്തു.