സൗന്ദര്യവൽക്കരിച്ച കാപ്പാട് ബീച്ച് സംരക്ഷണം ലഭിക്കാതെ നശിക്കുന്നു
കൊയിലാണ്ടി: കാപ്പാട് ഏരൂര്‍ ബീച്ചില്‍ കോടികള്‍ മുടക്കി സൗന്ദര്യവത്ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയ ഭാഗം കടുത്ത അവഗണനയില്‍ നശിക്കുന്നു. ഇവിടെ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ നിര്‍മ്മിച്ച ഷെല്‍ട്ടറുകൾ, ശുചിമുറികള്‍ എന്നിവ പാടെ തകര്‍ന്ന് കിടപ്പാണ്. മേല്‍ക്കൂരയുടെ ഇരുമ്പ് ഷീറ്റുകളും പൈപ്പുകളും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. ഗുണ നിലവാരം കുറഞ്ഞ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് പണിതതിനാല്‍ പാടേ നശിച്ചു പോയിരിക്കുകയാണ് ഈ നിർമ്മിതികൾ. ഒരു തരത്തിലുളള സംരക്ഷണ നടപടികളും ഇവിടെയില്ല. നിരനിരയായി സ്ഥാപിച്ച തെരുവ് വിളക്കുകളെല്ലാം എറിഞ്ഞുടച്ചതിനാല്‍ സന്ധ്യമയങ്ങിയാല്‍ പരിസരമാകെ കൂരിരുട്ട് വ്യാപിക്കും.
മുന്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കാലത്താണ് അഞ്ച് കോടി രൂപ ചെലവിൽ കാപ്പാടിലെ ഇരു ബീച്ചുകളിലും സൗന്ദര്യ വത്ക്കരണ പദ്ധതി നടപ്പിലാക്കിയത്. സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി നടപ്പാതകള്‍, പവലിയന്, വൈദ്യുതാലങ്കാര വിളക്കുകള്‍,ടൈല്‍സ് പതിച്ച ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നു. കടലോരത്തിന്റെ തെക്ക് ഭാഗത്ത് അന്താരാഷ്ട്ര നിലവാരമുളള ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി എട്ട് കോടി രൂപ ചെലവില്‍ നവീകരണ സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ അപ്പോള്‍ തുവ്വപ്പാറയ്ക്ക് സമീപമുളള ബീച്ചില്‍ ഒരു തരത്തിലുളള സംരക്ഷണ നടപടികളും സ്വീകരിച്ചില്ല. ഇവിടെ മുമ്പ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളുമെല്ലാം ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ നശിച്ചു.
കാപ്പാട് ബീച്ചിന്റെ സംരക്ഷണ ചുമതല ഡി ടി പി സി യ്ക്കാണ്. തുടര്‍ന്നുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് തന്നെ ലഭിക്കണം. എം എല്‍ എ ഫണ്ട് ഇക്കാര്യത്തില്‍ അനുവദിക്കാനാവില്ല. ഡി ടി പി സി തയ്യാറാക്കി സര്‍ക്കാറിന് അയച്ച പുതിയ നവീകരണപദ്ധതി അംഗീകരിപ്പിക്കാന്‍ ഇടപെടുമെന്ന് കാനത്തില്‍ ജമീല എം എല്‍ എ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു. കാപ്പാട് ഏരുല് ബീച്ചില്‍ ടൂറിസം നവീകരണ പ്രവര്‍ത്തനത്തിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ വേഗത്തിലുണ്ടാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി നിഖില്‍ ദാസ് പറഞ്ഞു.