KERALA

കേരളത്തിന്‌ പ്രഹരം; സർക്കാർ ലോട്ടറികളുടെ നികുതി 28% ; കേന്ദ്രം ലോട്ടറിമാഫിയക്ക്‌

സർക്കാർ ലോട്ടറികളുടെയും ഇതരസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി നിരക്ക്‌ 28 ശതമാനമായി ഏകീകരിക്കാൻ ജിഎസ്‌ടി കൗൺസിൽ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. നിലവിൽ സർക്കാർ ലോട്ടറികൾക്ക്‌ 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക്‌ 28 ശതമാനവുമായിരുന്നു ജിഎസ്‌ടി. ലോട്ടറി മാഫിയയുടെ സമ്മർദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങിയാണ്‌ ലോട്ടറി നികുതിനിരക്ക്‌ ഏകീകരിച്ചത്‌.

 

സർക്കാർ ലോട്ടറികളുടെ നികുതി കൂട്ടുന്നത്‌ യോഗത്തിൽ കേരളം ശക്തമായി എതിർത്തു.  കേന്ദ്രം ഉറച്ചുനിന്നതോടെ ധനമന്ത്രി തോമസ്‌ ഐസക്‌ വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടു. നികുതിനിരക്ക്‌ ഏകീകരിക്കുന്നതിനനുകൂലമായി കേന്ദ്രവും 16 സംസ്ഥാനങ്ങളും വോട്ടുചെയ്‌തു. കേരളമടക്കം ഏഴുസംസ്ഥാനങ്ങൾ എതിർത്തു. കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. ജിഎസ്‌ടി കൗൺസിലിൽ 75 ശതമാനം വോട്ടുലഭിച്ചാൽമാത്രമേ നികുതി നിർദേശം അംഗീകരിക്കൂ. കേന്ദ്രത്തിന്റെ വോട്ടിന്‌ 25 ശതമാനവും സംസ്ഥാനങ്ങളുടെ വോട്ടിന്‌ 75 ശതമാനവുമാണ്‌ മൂല്യം. പഞ്ചാബും രാജസ്ഥാനും കേരളത്തിനൊപ്പംനിന്ന്‌ നികുതി ഏകീകരണത്തെ എതിർത്ത്‌ വോട്ടുചെയ്‌തിരുന്നെങ്കിൽ കേന്ദ്രനീക്കം പാളുമായിരുന്നു.  നികുതിനിരക്ക്‌ ഏകീകരിക്കുന്നതിനനുകൂലമായി ജമ്മു -കശ്‌മീരും ഒഡിഷയും വോട്ടുചെയ്‌തു. എന്നാൽ,  ഈ രണ്ടിടങ്ങളിലെയും ധനമന്ത്രിമാരല്ല വോട്ടെടുപ്പിൽ പങ്കെടുത്തത്‌.  ഈ വോട്ട്‌ ചലഞ്ച്‌ ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. പഞ്ചാബും രാജസ്ഥാനും വിട്ടുനിന്നതോടെ ഇതിനുള്ള സാഹചര്യം ഇല്ലാതായി.

 

ബംഗാൾ, പുതുച്ചേരി, ഡൽഹി, മധ്യപ്രദേശ്‌, ഛത്തിസ്‌ഗഢ്‌, മഹാരാഷ്ട്ര  സംസ്ഥാനങ്ങളാണ്‌ കേരളത്തിനൊപ്പംനിന്ന്‌ ലോട്ടറി മാഫിയക്കെതിരെ വോട്ട്‌ചെയ്‌തത്‌.  മുതിർന്ന എൻസിപി നേതാവായ മഹാരാഷ്‌ട്ര ധനമന്ത്രി ജയന്ത്‌ പാട്ടീൽ ജിഎസ്‌ടി കൗൺസിലിൽ ആദ്യമായാണ്‌ പങ്കെടുക്കുന്നതെങ്കിലും കേരളത്തിനൊപ്പം നിന്നു. എന്നാൽ, കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും ലോട്ടറി മാഫിയക്കായി നിലകൊണ്ടു.

 

കോൺഗ്രസ്‌ അവസരം നഷ്ടമാക്കി
ന്യൂഡൽഹി
ജിഎസ്‌ടി നിരക്ക്‌ ഏകീകരണത്തിന്‌ പിന്നിൽ ലോട്ടറി മാഫിയയുടെ പങ്കുണ്ടാകാമെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. സർക്കാർ ലോട്ടറികളുടെ നികുതി വർധിപ്പിക്കുന്നതിനെതിരായ നിലപാടായിരുന്നു പഞ്ചാബിനും രാജസ്ഥാനും തുടക്കം മുതൽ. വീഡിയോ കോൺഫറൻസിങ്ങിലൂടെ ഈ വിഷയം രണ്ടുവട്ടം ചർച്ച ചെയ്‌തതാണ്‌. എന്നാൽ, അവസാനനിമിഷം അവർ പിൻവാങ്ങി. മഹാരാഷ്ട നികുതിനിരക്ക്‌ കൂട്ടുന്നതിന്‌ അനുകൂലനിലപാടായിരുന്നു. എന്നാൽ, സർക്കാർ മാറിയതോടെ അവരുടെ നിലപാടും മാറി. ജിഎസ്‌ടി കൗൺസിലിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള  അവസരമാണ്‌ പഞ്ചാബും രാജസ്ഥാനും ഇല്ലാതാക്കിയത്‌–- ഐസക്‌ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button