തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു. നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയില്‍ രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വീണ്ടും വൈദ്യപരിശോധന നടത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടാമതും നടത്തിയ വൈദ്യപരിശോധനയിലും രാഹുലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയില്‍ തീര്‍പ്പ് കലിപ്പിച്ചത്. രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എംഎല്‍എ, എംവിന്‍സെന്റ് എന്നീ കണ്ടാലറിയുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ നാലാം പ്രതിയായ രാഹുലിനെ ഇന്ന് രാവിലെയാണ് വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
നേരെത്ത കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നേതാക്കള്‍ക്കെതിരായ നടപടി ആദ്യമാണ്. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി വി ഡി സതീശന്, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.