മെഡിസെപ്പിന്റെ മുഴുവന്‍ പാക്കേജും ലഭിക്കാനായി പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവരും പദ്ധതി നടപ്പാക്കിയത് മുതലുള്ള പ്രീമിയം അടയ്ക്കണം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ മുഴുവന്‍ പാക്കേജും ലഭിക്കണമെങ്കിൽ പുതുതായി സര്‍വീസില്‍ പ്രവേ ശിക്കുന്നവരും പദ്ധതി നടപ്പാക്കിയത് മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന് ധനവകുപ്പ് ഉത്തരവ്. എന്നാൽ മാത്രമേ അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ പാക്കേജുകളുടെയും ആനുകൂല്യങ്ങള്‍ ലഭ്യമാകുകയുള്ളൂ.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി 2022 ജൂലൈ ഒന്ന് മുതല്‍ 2025 ജൂലൈ ഒന്ന് വരെ മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഈ കാലയളവില്‍ എപ്പോള്‍ ജോലിയില്‍ പ്രവേശിച്ചാലും പ്രതിമാസം 500 വച്ച് ആദ്യം മുതലുള്ള പ്രീമിയം അടയ്ക്കണം. മൂന്ന് വര്‍ഷത്തെയും തുക പൂര്‍ണമായും അടച്ചാലേ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന കരാറാണ് കമ്പനിയുമായുള്ളതെന്ന് ഉത്തരവില്‍ പറയുന്നു. പുതുതായി ജോലിക്ക് കയറുന്നവര്‍ക്ക് കൂടി ബാധകമാക്കിയ കരാറാണ് കമ്പനിയുമായി ഒപ്പുവച്ചിരിക്കുന്നത്.