കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തിരുവനന്തപുരം: കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിച്ചു. എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലപ്പോഴും അമിത ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഇത്തരം കെണിയിൽ പോയി വീഴുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായും രാജ്യത്തെ മികച്ച ഒമ്പതാമത്തെ സ്റ്റേഷനായും തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷനുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. സൈബർ ഡിവിഷന്റെ ലോഗോ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളും പ്രകാശനം ചെയ്തു.
ചടങ്ങിൽ ആന്റണിരാജു എം എൽ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹബ്, എ ഡി ജി പിമാരായ മനോജ് എബ്രഹാം, എം ആർ അജിത്കുമാർ, എച്ച് വെങ്കിടേഷ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.