കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’ അരിവില്‍പ്പന കേരളത്തില്‍ ആരംഭിച്ചു
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’ അരിവില്‍പ്പന കേരളത്തില്‍ ആരംഭിച്ചു. വില്‍പ്പനയുടെ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍ നടന്നു. കിലോയ്ക്ക് 29 രൂപയാണ് അരിയുടെ വില. അഞ്ച്, 10 കി.ഗ്രാം പാക്കറ്റുകളിലാണ് അരി വില്‍ക്കുന്നത്. അരിക്കു പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും. കടലപ്പരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് വിതരണച്ചുമതല.
ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. പത്ത് കിലോ വരെ ഒറ്റത്തവണ വാങ്ങാവുന്നതുമാണ്. കൂടുതൽ ജില്ലകളിലേക്ക് വരും ദിവസങ്ങളിൽ അരി എത്തിക്കും. സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ എൻ സി സി എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ, സ്വാകാര്യ സംരംഭകർ മുഖേനയും വിൽപന നടത്തുമെന്ന് എൻ സി സി എഫ് കൊച്ചി മാനേജർ സി കെ രാജൻ വ്യക്തമാക്കി.
പ്രത്യേകം തയാറാക്കിയ പിക്കപ്പ് വാനുകളിലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2023 ഡിസംബറിലാണ് ഇത്തരത്തില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്കെത്തിക്കുന്ന പരിപാടി തുടങ്ങിയത്. അന്ന് പരിപ്പും സവാളയും ഗോതമ്പ് പൊടിയുമായിരുന്നു വിതരണം ചെയ്തത്. ഏകദേശം നൂറോളം വാഹനങ്ങളായിരുന്നു വിതരണത്തിന് അന്ന് നിരത്തിലിറങ്ങിയത്.