KERALA

പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ ഡൽഹിയിൽ നിര്യാതനായി

ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ (89) ഡൽഹിയിൽ നിര്യാതനായി. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കേരളത്തിലെ ആറ്റിങ്ങലിൽ ജനിച്ച ഇദ്ദേഹത്തെ 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1935ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ 1961ൽ ബംഗാളിലെ ശാന്തിനികേതനിൽനിന്നു ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. തുടർന്നു കേരളത്തിലെ ചുമർചിത്രകലയെക്കുറിച്ചു പഠനം നടത്തി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ ചിത്രകലാവിഭാഗം മേധാവിയായിരുന്നു.

പെരുമ്പത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി വലിയ കരിങ്കൽ ശിൽപാഖ്യാനം 2003ൽ പൂർത്തിയാക്കി. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളിൽ ചിലത്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനിൽക്കുന്ന സൃഷ്ടികളാണ് ഏറെയും. എണ്ണച്ചായവും ജലച്ചായവും ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ പ്രിയം.

1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ ഡല്‍ഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം വിശ്വഭാരതിയില്‍നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, കേരളസര്‍ക്കാറിന്റെ രാജാരവി വര്‍മ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1978ലും 1980ലും ബുക്ക് ഇല്ലസ്‌റ്റ്രേഷന് ജപ്പാനില്‍നിന്നും ‘നോമ’ സമ്മാനത്തിന് അര്‍ഹനായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button