CALICUTDISTRICT NEWSUncategorized
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി രൂപ അനുവദിച്ചു – മന്ത്രി ടി.പി രാമകൃഷ്ണന്‍
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി 961 കോടി 24 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മേലടി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബസംഗമവും അദാലത്തും മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോഡുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കേണ്ടത് പ്രാദേശിക സമിതികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരടക്കമുള്ള സാങ്കേതിക സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പച്ചപ്പ് നിലനിര്‍ത്തുന്നതിനായി ഈ വര്‍ഷം 37 കോടി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കും. എല്ലാ തെരുവ് വിളക്കുകളും എല്‍ഇഡി ബള്‍ബിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
യുവജനങ്ങളുടെ നേതൃശേഷി വര്‍ദ്ധിപ്പിക്കുന്നതിന് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ടൈം ജോലി ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തൊഴിലവസരങ്ങള്‍ ലഭ്യമാകാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പദ്ധതി രൂപീകരിക്കും. ഈ പദ്ധതികളെല്ലാം പ്രാവര്‍ത്തികമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുമ്പോള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
വീട് ലഭിക്കുന്നതിന് അര്‍ഹതയുള്ള ഏതെങ്കിലും കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ വീട് ലഭിച്ചിട്ടില്ലെങ്കില്‍ അത്തരം കുടുംബങ്ങള്‍ ഉള്‍പ്പെടെ വീട് ലഭിക്കുന്നതിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ തുടരുന്നത് ഇതിന് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് പി.കെ പുരുഷോത്തമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാല് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ലൈഫ് ഗുണഭോക്തൃ കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 600 ലധികം കുടുംബങ്ങള്‍ക്കാണ് ലൈഫ്മിഷന്‍ പ്രകാരം വീട് ലഭ്യമായത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി അദാലത്തും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി ഷരീഫ, കെ.പി ഗോപാലന്‍ നായര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ കാരയില്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുജാത മനക്കല്‍, ശാലിനി ബാലകൃഷ്ണന്‍, എംപി അജിത, സ്ഥിരം സമിതി അംഗങ്ങളായ പി ബാലഗോപാലന്‍, പ്രേമ ബാലകൃഷ്ണന്‍, ഇ കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് കീഴരിയൂര്‍, സുനില്‍ ഓടയില്‍, പി.വി റംല, എ.കെ വസന്ത, എ.കെ ഗിരിജ, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷര്‍മിന കോമത്ത്, ഹൗസിംഗ് ഓഫീസര്‍ സുനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments