പുനര്‍ഗേഹം പദ്ധതിക്ക് തുടക്കമായി: ജില്ലയ്ക്ക് ആദ്യഘട്ടത്തില്‍ 21 കോടി
![](https://calicutpost.com/wp-content/uploads/2020/02/Kerala-University-of-Fisheries-300x120.jpg)
വേലിയേറ്റരേഖയില്‍ നിന്നും അന്‍പത് മീറ്ററിനുളളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച പുനര്‍ഗേഹം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 2609 കുടുംബങ്ങളാണ് അന്‍പത് മീറ്ററിനുളളില്‍ താമസിക്കുന്നത്. അതില്‍ 954 കുടുംബങ്ങള്‍ 10 മീറ്ററിനുളളില്‍ താമസിക്കുന്നവരാണ്. ആദ്യഘട്ടത്തില്‍ 210 പേരാണ് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിക്കാന്‍ തയ്യാറായത്.
കോര്‍പ്പറേഷന്‍ പരിധിയില്‍ ചുരുങ്ങിയത് രണ്ട് സെന്റും, പഞ്ചായത്ത് പരിധിയില്‍ മൂന്ന് സെന്റും ഭൂമിയുണ്ടാകണം. ഇങ്ങനെ കണ്ടെത്തുന്ന ഭൂമി വേലിയേറ്റ മേഖലയില്‍ നിന്നും 200 മീറ്റര്‍ പുറത്തായിരിക്കണം. ഗുണഭോക്താക്കള്‍ക്ക് ഒന്നിച്ച് ഭൂമി വാങ്ങി അപ്പാര്‍ട്ട്മെന്റ് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. തീരപ്രദേശത്ത് അന്‍പത് മീറ്ററിനുളളില്‍ താമസിക്കുന്ന മത്സ്യതൊഴിലാളികളല്ലാത്തവരെയും പദ്ധതിയില്‍ പരിഗണിക്കും.
മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിലേക്ക് താല്‍പര്യമുളള മത്സ്യത്തൊഴിലാളികള്‍ക്ക് ഇനിയും അപേക്ഷിക്കാം. അതത് മത്സ്യഭവന്‍ ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പത്ത് ലക്ഷം രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ വില ആറ് ലക്ഷമായും വീടിന് നാല് ലക്ഷമായും കണക്കാക്കിയിട്ടുണ്ടെങ്കിലും ഭൂമി വിലയില്‍ ഇളവ് ലഭിക്കുന്ന പക്ഷം ആ തുകയും ഗൃഹനിര്‍മ്മാണത്തിനുപയോഗിക്കാം എന്ന പ്രത്യേകതയും ഈ പാക്കേജിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത ഭവനമൊരുക്കി സന്തുഷ്ട തീരം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് കണ്ടെത്തിയിട്ടുളളത്. ആദ്യഘട്ടത്തില്‍ 21 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്.