CRIME
യുവതിയുടെ മരണം: ഭർത്താവ് റിമാന്‍ഡില്‍
കക്കോടി :ഭർതൃവീട്ടിലെ കിണറ്റിൽ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ 5 മാസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. പന്തീരാങ്കാവ് പുതുവാഴപ്പൊറ്റയിൽ രാധാകൃഷ്ണന്റെയും മിനിയുടെയും മകളായ രശ്മി(22)യുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഭർത്താവ് കാക്കൂർ കൂരങ്ങാട്ട് രതീഷിനെ (36) കാക്കൂർ സിഐ കെ എ ബോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ സെപ്തംബർ 5നാണ് രശ്മിയെയും രണ്ടര വയസ്സുള്ള മകനെയും ഭർതൃവീട്ടിലെ കിണറ്റിൽ കാണപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ രണ്ടുപേരെയും പുറത്തെടുത്തെങ്കിലും രശ്മി മരിച്ചിരുന്നു. കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. രശ്മിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
താമരശേരി ഡിവൈഎസ്‌പിക്കായിരുന്നു അന്വേഷണ ചുമതല. ഇതിനിടെ രതീഷ് ഒളിവിൽ പോയി. ഇയാളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കർമസമിതി രൂപീകരിക്കുകയും മന്ത്രി എ കെ ശശീന്ദ്രനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുകയും ചെയ്‌തിരുന്നു.
കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Comments