CRIME
യുവാവിനെ തട്ടിക്കൊണ്ടുപോയവര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചു, സംഘത്തിലെ ഒരാള്‍ മരിച്ചു
വില്ലുപുരം; നാലംഗ സംഘം ആസൂത്രണം ചെയ്ത തട്ടികൊണ്ടുപോകല്‍ ഒടുവില്‍ അവസാനിച്ചത് ദുരന്തത്തില്‍. ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘം ചെന്നൈയിലുള്ള ഒരു പള്ളിയ്ക്ക് സമീപത്ത് നിന്ന് അബ്ദുള്‍ കരിം (35) എന്ന ആളെ തട്ടികൊണ്ടുപോയി. പോണ്ടിച്ചേരിക്ക് ഇയാളെ കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ അബ്ദുള്‍ കരീമിനെ കാണാതായതോടെ ഭാര്യ പോലീസില്‍ പരാതിപ്പെട്ടു. ഇതറിഞ്ഞ സംഘം ചെന്നൈക്ക് മടങ്ങാന്‍ തീരുമാനിച്ചു.
തിണ്ടിവനത്തെത്തിയപ്പോള്‍ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചു. അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അബ്ദുള്‍ കരീമിനൊപ്പം തട്ടികൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന വസീര്‍ ഖാന്‍(30) സഹോദരനായ റസൂല്‍ ഖാന്‍(28), സുഹൃത്തുക്കളായ ആര്‍.പ്രകാശ്(29) അമുദ എന്നിവര്‍ക്കും പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തിണ്ടിവനം ഗവണ്‍മെന്റ് ആശുപത്രിയില്‍ വെച്ച് വസീം ഖാന്‍ മരിച്ചു.
പരിശോധിക്കാനെത്തിയ ഡോക്ടറോട് അബ്ദുള്‍ കരീം തട്ടിക്കൊണ്ടുപോയ സംഭവം അറിയിച്ചതോടെയാണ് പുറം ലോകം വിവരം അറിയുന്നത്. ഡോക്ടര്‍ ഉടനെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ആശുപത്രിയിലെത്തി ചോദ്യം ചെയ്തപ്പോഴാണ് കാണാതായ അബ്ദുള്‍ കരീമാണ് ചികിത്സയിലുള്ളതെന്ന് വ്യക്തമായത്.
അബ്ദുള്‍ കരീമിന്റെ കൈവശമുള്ള പഴയ കാര്‍ താന്‍ വിലയ്ക്ക് വാങ്ങിയെന്നും എന്നാല്‍ ഇതിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് കൈമാറിയില്ല. ഇതിനെ തുടര്‍ന്ന് സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അബ്ദുള്‍ കരീമിനെ തട്ടികൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റസൂല്‍ മൊഴി നല്‍കി.
എന്നാല്‍ അമുദ നല്‍കിയത് മറ്റൊരു മൊഴിയാണ്. അബ്ദുള്‍ തന്റെ കൈയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരികെ തരാഞ്ഞതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടികൊണ്ടുപോകുകയായിരുവെന്നാണ് അമുദ പോലീസിനോട് പറഞ്ഞത്.
അന്വേഷണത്തില്‍ റസൂലിനെതിരെ നിരവധി വഞ്ചനാകേസുകള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
റസൂലിന്റെ സഹോദരന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആരോഗ്യം വീണ്ടെടുക്കുന്നതോടെ മറ്റ് മൂന്ന് പേരെയും അറസ്റ്റുചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
Comments