CALICUTDISTRICT NEWS

പപ്പടക്കോൽ വിഴുങ്ങി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ യുവതിക്ക് പുനർജന്മം

 ൺ

കോഴിക്കോട് : യുവതിയുടെ ആന്തരികാവയത്തില്‍ കുടുങ്ങിയ പപ്പടകോല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വൈദഗ്ധ്യത്തില്‍ സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെ ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള 23കാരിയായ മലപ്പുറം സ്വദേശിനിയുടെ ആന്തരികാവയവത്തില്‍ നിന്നാണ് പപ്പടകോല്‍ പുറത്തെത്തിച്ചത്. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. തലേദിവസമാണ് ഇവര്‍ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി പപ്പടകോല്‍ വിഴുങ്ങിയത്. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഉള്ളില്‍ എന്തോ വിഴുങ്ങിയതായി ഇവര്‍ ആംഗ്യം കാണിച്ചത്. ശരിയായ രൂപത്തില്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും എക്‌സ്‌റെ പരിശോധനയില്‍ പപ്പടകോല്‍ പോലുള്ള കട്ടിയുള്ള ലോഹ വസ്തു കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം തുരന്ന് ആമാശയത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു ലോഹവസ്തു. അത്യന്തം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയുടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുകയായിരുന്നു. തുടര്‍ന്ന് എട്ടരയോടെ ഓപറേഷന്‍ തിയേറ്റെറിലെത്തിക്കുകയും 11.30ഓടെ കുടുങ്ങിയ ലോഹവസ്തു പുറത്തെടുക്കുകയും ചെയ്തു.

രക്തക്കുഴലുകളുടെ ഇടയിലൂടെ ലോഹവസ്തു പുറത്തെത്തിക്കുകയായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുമ്പിലെ പ്രധാന കടമ്പ. മെഡിക്കല്‍ കോളജിലെ ഫൈബര്‍ ഒപ്റ്റിക് ഇന്റ്റുബേറ്റിംഗ് വീഡിയോ എന്‍ഡോസ്‌കോപ്പി, ഡയരക്ടറ്റ് ലാരിംഗോസ്‌കോപ്പി ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉദ്വേഗജനകമായ നിമിഷങ്ങളിലെ നടപടിക്രമത്തിലൂടെ രോഗിയില്‍ നിന്ന് പപ്പടകോല്‍ വായിലൂടെ പുറത്തെത്തിച്ചത്. പുറത്തെടുക്കുമ്പോള്‍ ആന്തരിക രക്തസ്രാവം ഉണടായാല്‍ അപ്പോള്‍ തന്നെ ഹൃദയം തുറന്ന് ഓപറേഷന്‍ ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയ ശേഷമാണ് വായിലൂടെ പപ്പടകോല്‍ പുറത്തെടുക്കാനുള്ള ശ്രമമാരംഭിച്ചത്.

 

പപ്പട കോല്‍ പുറത്തെത്തിക്കാന്‍ ശസ്ത്രക്രിയ വേണ്ടി വന്നില്ലെങ്കിലും ആന്തിരാകവയവങ്ങള്‍ക്ക് ഇത്രയും വലിയ ലോഹക്കഷ്ണം അന്നനാളവും ശ്വാസകോശവും ചേരുന്ന ഭാഗത്ത് വന്ന് നിന്നതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായോ എന്ന് പരിശോധിക്കാന്‍ ചെറിയ രൂപത്തില്‍ സാധാരണ നിലയിലുള്ള വയറ് തുറന്ന് പരിശോധന നടത്തി. തൊണ്ടയിലൂടെ തന്നെ പുറത്തെടുത്തതിനാല്‍ രണ്ടാഴ്ചയോളം ഇവര്‍ക്ക് വായിലൂടെ ഒന്നും കഴിക്കാന്‍ പറ്റുന്ന സാഹചര്യമല്ല. ഇതിനാല്‍ കുടലിലേക്ക് നേരിട്ട് ട്യൂബിറക്കിയാണ് ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുക. ഈ രണ്ട് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് വയറില്‍ ചെറിയ ശസ്ത്രക്രിയ നടത്തിയത്.

ഇ എന്‍ ടി, അനസ്‌തേഷ്യ, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ആധുനിക ഉപകരണങ്ങളും ഉള്ളത് കൊണ്ടാണ് ഈ പരിശ്രമം വിജയിച്ചതെന്ന് ഡോക്ടര്‍മാര്‍ സിറാജിനോട് പറഞ്ഞു. ഇ എന്‍ ടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ശ്രീജിത്ത് എം കെ, അനസ്‌തേഷ്യ വിഭാഗം പ്രൊഫസര്‍മാരായ ഡോ. പി എം എ ബശീര്‍, ഡോ.ഫിജുല്‍ കോമു, ഡോ.വിനീത എസ്, സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ഷാജഹാന്‍, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. അതുല്‍ എന്നിവര്‍ക്ക് പുറമെ പെര്‍ഫ്യൂഷന്‍ ടെക്‌നീഷ്യന്‍ ബാലന്‍, അനസ്‌തേഷ്യ ടെക്‌നീഷ്യന്മാരായ മുബീന ഷിനി, ഹനീഫ പനായി, സ്റ്റാഫ് നഴ്‌സ്ഹിമാബാല എന്നിവരും പങ്കാളികളായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button