KERALA
സപ്ലൈകോയിൽ നിന്നും സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡും വിരലടയാളവും നിർബന്ധം
തിരുവനന്തപുരം : ഇനി മുതൽ സപ്ലൈകോ സ്റ്റോറുകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ ലഭിക്കണമെങ്കിൽ ആധാർ കാർഡും വിരലടയാളവും നൽകണം. സബ്സിഡി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ആധാർ കാർഡ് നിർബന്ധമാക്കിയുള്ള ഭക്ഷ്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങി. റേഷൻ വിതരണ സമ്പ്രദായത്തിന്റെ അതേ രീതിയിൽ സപ്ലൈകോയിലും ഭക്ഷ്യവസ്തുക്കളുടെ വിതരണം നടത്താനാണ് പുതിയ തീരുമാനം.
ഇതിനായി റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ (ആർസിഎംഎസ്) ഡാറ്റ സപ്ലൈകോയ്ക്കു നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തിയാണ് സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ വിതരണം നടത്തിയിരുന്നത്. എന്നാൽ യഥാർത്ഥ ഗുണഭോക്താവ് തന്നെയാണോ സബ്സിഡി സാധനങ്ങൾ കൈപ്പറ്റുന്നത് എന്ന് അറിയാനാണ് റേഷൻ വിതരണത്തിന് വിരലടയാളം ശേഖരിക്കുന്ന അതേ രീതിയിൽ സബ്സിഡി സാധനങ്ങളുടെ വിതരണവും നടത്താൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സബ്സിഡി സാധനങ്ങൾ വാങ്ങിയവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തുന്നതായി സപ്ലൈകോ വിജിലൻസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണത്തിന് പുതിയ രീതി അവലംബിക്കുന്നത്. ആധാർ കാർഡും വിരലടയാളവും അടക്കമുള്ള ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കണം എന്നും ഭക്ഷ്യ വകുപ്പിന്റെ നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ സപ്ലൈകോയുടെ 535 സൂപ്പർ മാർക്കറ്റുകളിലും പുതിയ രീതി ഉടനെ നിലവിൽ വരും.
Comments