കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

വയനാട്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെ കേളുക്കുട്ടിയുടെ വീട്ടിലായിരുന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോർന്ന് പോവുകയായിരുന്നു.
സമീപത്തെ വിറക് അടുപ്പിൽ തീ ഉണ്ടായിരുന്നതാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ച് പോകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ കൽപ്പറ്റ ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. വീടിന്റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.