ശബരിമല നടയടയ്ക്കും വരെ പരമാവധി ആളുകളെ മല കയറ്റുമെന്ന് എ ഡി ജി പി, എം ആര് അജിത് കുമാര്‍
ശബരിമല: ശബരിമല നടയടയ്ക്കും വരെ പരമാവധി ആളുകളെ മല കയറ്റുമെന്ന് എ ഡി ജി പി, എം ആര് അജിത് കുമാര്‍. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ് ശബരിമലയിലുള്ള തിരക്കെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതിനായിരം ആളുകളെ ഉള്‍കൊള്ളുന്നിടത്ത് ഒരു ലക്ഷത്തിലധികം ആളുകളാണ് വരുന്നത്. ശബരിമലയിലെ ദര്‍ശനമല്ല പ്രശ്നമെന്നും ദര്‍ശനത്തിനെടുക്കുന്ന സമയമാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ ഇടത്താവളങ്ങളില്‍ ഉള്ള ഭക്തര്‍ അവിടെ തന്നെ തുടരണമെന്നും നാളെ നട അടയ്ക്കും വരെ മലകയറ്റാന്‍ പറ്റുന്ന പരമാവധി ആളുകളെ മല കയറ്റും. തിരക്ക് ക്രമീകരിക്കാന്‍ ഇടത്താവളങ്ങളില്‍ നിയന്ത്രിച്ചേ മതിയാകൂ. പമ്പയില്‍ പാര്‍ക്കിംഗ് അനുവദിച്ചാല്‍ നിലക്കലിലെ പ്രശ്നങ്ങള്‍ അല്പം കുറയുമെന്നും എഡിജിപി.
അതേസമയം മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തക ലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ കണക്കിൽ കാര്യമായ മാറ്റമുണ്ടാകും. കാണിക്കയായി ലഭിച്ചത് 63,89,10,320 രൂപയും അരവണ വിൽപനയിൽ 96.32 കോടി രൂപയും, അപ്പം വിൽപനയിൽ 12.38 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31.43 ലക്ഷം പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7.25 ലക്ഷം പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.