
ബംഗളൂരു: എക്സാലോജിക്ക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പരാമര്‍ശം. വീണയ്‌ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ആര്‍ഒസി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് അതീവ ഗൗരവത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. ആദ്യമായാണ് എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് സിഎംആര്‍എല്ലില്‍ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്‌ഐഡിസിക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എല്‍ എന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സാലോജിക്കുമായി നടന്നത് തത്പര കക്ഷി ഇടപാടെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനായില്ലെന്നും എന്നാല്‍ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിഎംആര്‍എല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങള്‍ എക്സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സെക്ഷന്‍ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആര്‍ഒസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാര്‍ശയില്‍ ആര്‍ഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം എക്സാലോജിക്കിനെതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതായിരുന്നു ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയുമാണ് അന്വേഷണം. വീണക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് രംഗത്തെത്തിയ സിപിഎം, മുഖ്യമന്ത്രിയുടെ പേര് കൂടി പരാമര്‍ശിച്ച സാഹചര്യത്തില്‍ കടുത്ത പ്രതിരോധത്തില്‍ ആവുകയാണ്.