കൊണ്ടോട്ടി: അറിവ് സമ്പാദിക്കുന്നതിന് പരിധികളില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ബുഖാരി സ്ഥാപനങ്ങളുടെ 35-ാം വാര്‍ഷിക ബിരുദ ദാന സമ്മേളനത്തിന്റെ സമാപന സംഗമത്തില്‍ ബിരുദദാന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തരം അറിവുകളും ആര്‍ജിക്കണം. അതൊരിക്കലും മതത്തിനെതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സമസ്ത നടത്തിയ വിദ്യാഭ്യാസ നവ ജാഗരണ പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണ്. പാരമ്പര്യം മുറുകെ പിടിച്ചാണ് സമസ്ത വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയതെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു.
അബൂഹനീഫല്‍ ഫൈസി തെന്നല സന്ദേശപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. 99 ബുഖാരി യുവ പണ്ഡിതര്‍ക്കും 19 ഹാഫിളുകള്‍ക്കുമുള്ള സ്ഥാനവസ്ത്ര വിതരണം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, അബ്ദുന്നാസ്വിര്‍ അഹ്സനി ഒളവട്ടൂര്‍, സയ്യിദ് ത്വാഹ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സി പി ഉബൈദുല്ല സഖാഫി, ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.