KERALA

നവകേരള സദസ്സിനെതിരെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്: അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 10 പേര്‍ റിമാന്‍ഡില്‍

അത്തോളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍ഡിലായി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തിയത്. ഇവരുടെ ജാമ്യാപേക്ഷ ജില്ല കോടതിയും ഹൈകോടതിയും തള്ളിയിരുന്നു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്തരയോടെ അത്തോളി എസ്‌ഐ ആര്‍ രാജീവിന് മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം പ്രസിഡന്റ് സുനില്‍ കൊളക്കാട്, ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് കെ കെ സുരേഷ്, അജിത്ത് കുമാര്‍ കരിമുണ്ടേരി, മോഹനന്‍ കവലയില്‍, അഡ്വ സുധിന്‍ സുരേഷ്, സതീഷ് കന്നൂര്‍, നാസ് മാമ്പൊയില്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ എന്നിവരാണ് അറസ്റ്റിലായത്.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജനെ മഞ്ചേരി സബ് ജയിലിലേക്കും മറ്റുള്ളവരെ കൊയിലാണ്ടി സബ് ജയിലിലേക്കും മാറ്റി.

കഴിഞ്ഞ മാസം 20നായിരുന്നു കേസിനാസ്പദമായ സംഭവം. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ കെ പി സി സി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു.

അത്തോളി സ്റ്റേഷന്‍ മാര്‍ച്ചില്‍ സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് പരിക്കേറ്റ സംഭവത്തിലാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ 12ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്.

ഈ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് താരിഖ് അത്തോളി, ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ലിനീഷ് കുന്നത്തറ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ലിനീഷിന്റെ അറസ്റ്റും തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മയുടെ മരണവും പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരാന്‍ ഇടയാക്കിയിരുന്നു.

കീഴടങ്ങാനെത്തിയ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എന്‍ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. മെഡിക്കല്‍ പരിശോധനക്കുശേഷമാണ് പ്രതികളെ പേരാമ്പ്ര കോടതിയിലേക്ക് കൊണ്ടുപോയത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button