വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
ബുധനാഴ്ച രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പമാണ് ബിനീഷ് ഇ ഡിയുടെ കൊച്ചി ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബിനീഷ് ഇഡി ഓഫീസില്‍ നിന്ന് മടങ്ങിയതായാണ് വിവരം.
കേരളത്തില്‍ ബിനീഷ് കോടിയേരിയുടെ കമ്പനി നടത്തിയ ഏതെങ്കിലും സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുണ്ടോ എന്ന് ഇഡി അന്വേഷിച്ചു വരുകയാണ്. ഇതോടനുബന്ധിച്ചാണ് ഇഡി ചോദ്യം ചെയ്യലിനായി ബിനീഷിനെ ബുധനാഴ്ച വിളിപ്പിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ബിനീഷിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. ലഹരികടത്തു കേസില്‍ അറസ്റ്റിലായ ബിനീഷ് ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. പിന്നീടാണ് ജാമ്യം ലഭിച്ചത്. ലഹരിക്കേസില്‍ ബിനീഷ് പ്രതിയല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.