ബിജെപി സര്‍ക്കാര്‍ കൊറോണ വൈറസിനേക്കാള്‍ അപകടകാരി; എം കെ സ്റ്റാലിന്‍

ചെന്നൈ: ബിജെപിക്ക് വോട്ട് ചെയ്യുന്ന ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും നല്ലതൊന്നും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഹിന്ദി സംസാരിക്കുന്നവരെയും ചതിക്കുക മാത്രമാണ്. സര്‍ക്കാര്‍ മറ്റെന്തെങ്കിലും അവര്‍ക്ക് വേണ്ടി നല്‍കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

‘ രാമക്ഷേത്ര പ്രതിഷ്ഠ നടത്തി ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് മഹാമാരിയുടെ കാലത്ത് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവരുടെ ജന്മസ്ഥലത്തേക്ക് പോകാന്‍ ഗതാഗത സൗകര്യങ്ങളുണ്ടായിരുന്നില്ല. നമ്മള്‍ അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി. അവര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നു. ചിലരെ ട്രെയിന്‍ ഇടിച്ചു. കൊറോണയെക്കാള്‍ എന്തെങ്കിലും അപകടരമായിട്ടുണ്ടെങ്കില്‍ അത് ബിജെപി സര്‍ക്കാരാണ് ‘. സ്റ്റാലിന്‍ പറഞ്ഞു.

‘ക്ഷേത്രത്തേക്കാള്‍ വിദ്യാഭ്യാസമാണ് വേണ്ടത്’ എന്ന് പറയുന്ന ഹിന്ദി ബാലന്റെ വൈറല്‍ വീഡിയോ ഓര്‍ത്തെടുത്തും സ്റ്റാലിന്‍ സംസാരിച്ചു. ജനങ്ങള്‍ക്ക് അറിവ് ലഭിക്കുന്നില്ലെന്ന് ബിജെപി സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നു. വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയം അധിക കാലമൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വിജയിക്കുകയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബിജെപി അവരുടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി മതത്തില്‍ അഭയം തേടുകയാണ്. ഇന്ത്യയെ രക്ഷിക്കുന്നതിന് വേണ്ടി തങ്ങള്‍ അവരുടെ പരാജയങ്ങളും തമിഴ് വിരുദ്ധ നയങ്ങളും തുറന്നുകാട്ടുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Comments
error: Content is protected !!