കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ വി.സി നല്‍കിയ പട്ടികയില്‍ നിന്ന് ചിലരെ ഒഴിവാക്കി മറ്റു ചിലരെ ഉള്‍പ്പെടുത്തിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വി.സിയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകന്‍ പി.വി. കുട്ടന്‍, വ്യവസായി ദാമോദര്‍ അവനൂര്‍ എന്നിവരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ നിര്‍ദ്ദേശം. ഹര്‍ജി 14ന് വീണ്ടും പരിഗണിക്കും.
പി.വി. കുട്ടനെയും ദാമോദര്‍ അവനൂരിനെയും ഒഴിവാക്കി സ്വകാര്യ ജേര്‍ണലിസം കോളേജ് ഡയറക്ടറും ബി.ജെ.പി പ്രവര്‍ത്തകനുമായ എ.കെ. അനുരാജ്, കോണ്‍ഗ്രസ് മലപ്പുറം ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ടി.ജെ. മാര്‍ട്ടിന്‍ എന്നിവരെ ഉള്‍പ്പെടുത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു. സെനറ്റിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ചാന്‍സലര്‍ സര്‍ക്കാരിനോട് പട്ടിക ആവശ്യപ്പെടുകയും സര്‍ക്കാര്‍ വി.സി മുഖേന നല്‍കുന്ന പട്ടിക ചാന്‍സലര്‍ അംഗീകരിക്കുകയുമാണ് പതിവ്. ഇതിനു വിപരീതമായി ചാന്‍സലര്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.