കോഴിക്കോട് മെഡിക്കൽ കോളേജിൽ കാൻസർ പരിശോധനാ ഫലം വൈകുന്നു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പാത്തോളജി ലാബിൽ നിന്ന് കാൻസർ പരിശോധന ഫലം യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ ആശുപത്രി സൂപ്രണ്ടിന് നോട്ടീസയച്ചു.
15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 20ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. കാൻസർ രോഗനിർണ്ണയം അനന്തമായി വൈകുന്നത് മൂലം രോഗികളുടെ ചികിത്സ വൈകുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു.
മാസങ്ങൾ വൈകി ഫലം ലഭിക്കുമ്പോഴേക്കും രോഗം ഉയർന്ന സ്റ്റേജിലെത്തുന്നതാണ് രോഗികളുടെ പരാതി. മെഡിക്കൽ കോളേജിലെ പത്തോളജി ലാബിനു മുന്നിൽ കാത്തിരിക്കുന്നവരിലേറെയും മൂന്നിലേറെ തവണ വന്നവരാണ്. അഞ്ച് ദിവസം കൊണ്ട് കിട്ടേണ്ട പരിശോധനഫലം പലർക്കും മൂന്നു മാസം വരെയെടുക്കുന്നു.
പരിശോധനാ ഫലം വൈകുന്നതായി ആശുപത്രി അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ ടെസ്റ്റുകളുടെ എണ്ണം കൂടുന്നതാണ് ഫലം വൈകുന്നതെന്നാണ് ഇവർ കാരണമായി പറയുന്നത്. മാസം മൂവായിരത്തോളം പരിശോധനയാണ് നടത്തേണ്ടി വരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.