Uncategorized

മഞ്ചേരിയിലെ അപകടത്തിൽ മരണപ്പെട്ടവരിൽ നാല് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവർ

മലപ്പുറം :മഞ്ചേരിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടത് അഞ്ച് പേരിൽ നാല് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവർ. ഓട്ടോഡ്രൈവർ മജീദ് മരണപ്പെട്ടത് മകളുടെ നിക്കാഹിന്റെ തലേന്ന്. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഓട്ടോഡ്രൈവർ നാണി എന്നുവിളിക്കുന്ന അബ്ദുൽ മജീദ്, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ മുഹ്സിന, സഹോദരി തസ്നീമ (28), മക്കളായ ഏഴുവയസ്സുകാരി മോളി, മൂന്നുവയസുകാരി റൈസ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാൻ, റൈഹാൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്. റോഡിൽ മറ്റൊരു കാർ വരുന്നത് കണ്ട് പെട്ടെന്ന് വെട്ടിച്ച ഓട്ടോയിൽ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button