CALICUTDISTRICT NEWS

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ച് കയറ്റിയ സംഭവം; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വിശദാംശങ്ങളും ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്. കൂടാതെ സംഭവത്തിൽ ശരിയായ നിലപാടാണോ പോലീസ് സ്വീകരിച്ചത് എന്നും പരിശോധിക്കും.

സംഭവത്തിലെ പ്രതിയായ ജൂലിയസ് നിഖിതാസിനെ സിപിഎം നേതാവിന്റെ മകനായതു കൊണ്ട് പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചത്. വാഹനം മനപ്പൂർവ്വം ഓടിച്ച് കയറ്റിയതല്ലെന്നാണ് പോലീസ് പറയുന്നത്. ഇത് സത്യമാണോ എന്ന് ഏജൻസി പരിശോധിക്കും. കുറ്റകൃത്യം തെളിഞ്ഞാൽ തുടർ നടപടികളിലേക്ക് കടക്കും.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് ജൂലിയസ് നിഖിതാസ് വാഹനം ഓടിച്ച് കയറ്റിയത്. എന്നാൽ പോലീസ് ഇത് തടഞ്ഞ് വാഹനം പുറകോട്ട് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഫറോക് എസ്‌ഐയുമായി വാക്ക് തർക്കം ഉണ്ടായി. ഇതോടെ ജൂലിയസിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സ്‌റ്റേഷനിൽ എത്തിയ ശേഷമാണ് ജൂലിയസ് സിപിഎം നേതാവിന്റെ മകനാണെന്ന് പോലീസ് അറയുന്നത്. ഇതോടെ മോട്ടോർ വെഹിക്കിൾ ആക്ട് 179 അനുസരിച്ചുള്ള നടപടി സ്വീകരിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിന് ആയിരം രൂപ പിഴ വാങ്ങിയ ശേഷം ജൂലിയസിനെ വിട്ടയക്കുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button