ബലിപെരുന്നാളിന്റെ മഹത്വവും സന്ദേശവും; ഒരു ഇസ്ലാം മതവിശ്വാസിക്ക് ഒരിക്കലും മറന്നു കൂടാത്തത്
ഇന്ന് ബലിപെരുന്നാൾ… മുഴുവൻ വായനക്കാർക്കും കലിക്കറ്റ് പോസ്റ്റിന്റെ ബക്രീദ് ആശംസകൾ.
ത്യാഗത്തിന്റേയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ഈദുൽ അദ്‌ഹ. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുൽ അദ്‌ഹ എന്നാൽ ബലിപെരുന്നാൾ.
പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ മകൻ ഇസ്മായിലനെ ദൈവ കല്പന മാനിച്ച് ബലി നൽകാൻ തീരുമാനിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഒരു മുസ്ലിം മതവിശ്വാസിയെ സംബന്ധിച്ച് ദൈവകല്പന ചോദ്യം ചെയ്യപ്പെട്ടു കൂടാത്തതും അചഞ്ചലവും ആത്യന്തികമായി അത് നന്മക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന ദൃഡനിശ്ചയത്തെ ഈ ആഘോഷം അരക്കിട്ടുറപ്പിക്കുന്നു. ഈ പെരുന്നാളിനെ ബലി പെരുന്നാൾ എന്ന് വിശേഷിപ്പിച്ചതും അതുകൊണ്ടാണ്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിൻ്റെ പ്രധാനപ്പെട്ട ആചാരമാണ്.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പ്രവാചകനായ ഇബ്രാഹിം നബിക്ക് ഒരു പുത്രൻ പിറന്നത്. പുത്രൻ്റെ പേര് ഇസ്മായിൽ എന്നായിരുന്നു. ഒരിക്കൽ അള്ളാഹു സ്വപ്നത്തിൽ വന്ന നിനക്ക് ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് ത്യജിക്കാൻ ഇബ്രാഹിമിനോട് പറഞ്ഞു. ദൈവ കൽപ്പന അനുസരിച്ച് തൻ്റെ പ്രിയപുത്രനെ ബലികൊടുക്കാൻ ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍വാക്ക് പറഞ്ഞില്ല. എന്നാൽ പരീക്ഷണത്തിൽ ഇബ്രാഹിമിൻ്റെ ഭക്തിയിൽ അള്ളാഹു സംപ്രീതനായി. ബലിനൽകുന്ന സമയത്ത് ദൈവദൂതൻ എത്തുകയും ഇസ്മായിലിനെ മാറ്റി ഒരാടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ ദിനത്തിൻ്റെ ഓര്‍മ്മപുതുക്കലാണ് ബലിപെരുന്നാളായി ഇന്നും ആചരിക്കുന്നത്. അള്ളാഹുവിൻ്റെ കൃപയാൽ ഇബ്രാഹിമിന് ഇസഹാക് എന്നൊരു പുത്രിനും കൂടി പിന്നീട് ജനിച്ചു. ദൈവപ്രീതിക്കായി മനുഷ്യനെ ബലിനൽകരുതെന്ന സന്ദേശവും ബലിപെരുന്നാൾ നൽകുന്നുണ്ട്.
ബക്രീദ് ആഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നൽകുക, പാവങ്ങൾക്ക് ദാനം നൽകുക എന്നീ മൂന്ന് പുണ്യ പ്രവൃത്തികളാണ് ബലിപെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്.
ഈ ദിവസം ബലി കഴിച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനൽകിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നൽകുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാൾ മൂല്യമുള്ള, സമ്പത്തുള്ള ഓരോ മുസ്ലീമും ബലി നൽകണമെന്നാണ് നിയമം.
ഒരു വര്‍ഷത്തിൽ രണ്ട് പ്രാവശം ഈദ് ആഘോഷിക്കും. ആദ്യം ചെറിയ പെരുന്നാളും (ഈദ് ഉൽ ഫിത്വര്‍) പിന്നീട് വലിയ പെരുന്നാളും (ബക്രീദ്). ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ തീയതി കണക്കാക്കുന്നത്. ദുൽ ഹജ്ജ് മാസത്തിലാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ റമദാൻ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ചെറിയ പെരുന്നാൾ ലോകത്ത് സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെയും സന്ദേശമാണ് വിളിച്ചറിയിക്കുന്നത്. വലിയ പെരുന്നാൾ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വവും നൽകുന്നു.
ദുൽഹജ്ജ് മാസം എട്ടു മുതൽ 12 വരെ ഇസ്ലാം മതവിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഖുര്‍ആൻ നിര്‍ദ്ദേശിക്കുന്ന അഞ്ച് നിബന്ധനകളിൽ ഒന്നാണ് ഈ കര്‍മ്മം. മക്കയിൽ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജിറ (ഹാഗർ), അവരുടെ മകൻ ഇസ്മായിൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ടതുമാണ് ഹജ്ജ് കര്‍മ്മങ്ങൾ. ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അള്ളാഹുവിന്റെ കല്പന അനുസരിച്ച് കഅബ നിർമ്മിച്ചത് എന്നാണ് വിശ്വസം
പുരുഷന്മാര്‍ കരയടിക്കാത്ത രണ്ട് കഷ്ണം തുണി ധരിച്ചു കൊണ്ടും സ്ത്രീകള്‍ ഹിജാബ് ധരിച്ചുകൊണ്ടുമാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർ ധരിക്കേണ്ട വെളുത്ത വസ്ത്രമായ ഇഹ്റാം കെട്ടുന്നതോടെ രാജാവും പ്രജയും എല്ലാം തുല്യരാകുന്നു. ഈ സമയം നഖം മുറിക്കാനോ മുടി മുറിക്കാനോ വേട്ടയാടാനോ പാടില്ല എന്നാണ് വിശ്വാസം.
ഇബ്രാഹിം നബിക്ക് മക്കളില്ലാതെ വന്നതിനെ തുടർന്ന് ഭാര്യയായ സാറയുടെ നിർദ്ദേശപ്രകാരമാണ് ഈജിപ്തുകാരിയ ഹാജിറ എന്ന അടിമ പെൺകുട്ടിയെ ഇബ്രാഹിം നബി വിവാഹം കഴിക്കുന്നത്. അവരിൽ ജനിച്ച പ്രവാചകനായ പുത്രനാണ് ഇസ്മായിൽ നബി, ദൈവഹിതം നടപ്പിലാക്കുന്നതിനായി ജലശൂന്യവും ഫലശൂന്യവുമായ മക്കയിലെ മരുഭൂമിയിൽ ഹാജിറയേയും ഇസ്മായിലിനേയും ഉപേക്ഷിച്ച് ഇബ്രാഹിം പോകുന്നു. ഒരു തോൽ സഞ്ചിയിൽ വെള്ളവും അത്യാവശ്യം ഭക്ഷ്യവസ്തുക്കളും മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ. ദിവസങ്ങൾക്കകം വെള്ളവും ഭക്ഷണവും തീർന്നു പോകുന്നു. കുഞ്ഞിന് പാൽ ചുരത്താനുള്ള സ്തനങ്ങളും വരളുന്നു. കുഞ്ഞ് വാവിട്ട് കരയാൻ തുടങ്ങുന്നു. എന്റെ കുഞ്ഞിനേയെങ്കിലും രക്ഷിക്കണേ നാഥാ എന്ന പ്രാർത്ഥനയുമായി ഹാജിറ സവാ മാർവാ കുന്നുകൾക്കിടയിൽ ഓടി കൊണ്ടിരുന്നു. എന്തെങ്കിലും ഭക്ഷണമോ ഇത്തിരി വെള്ളമോ കുഞ്ഞിന് കൊടുക്കാൻ എവിടെ നിന്നെങ്കിലും കിട്ടുമോ എന്നന്വേഷിച്ചായിരുന്നു ഈ ഓട്ടം. നിരാശയായിരുന്നു ഫലം. അവസാനം വറുത്തിട്ടത് പോലെ വരണ്ട മണലാരണ്യത്തിൽ കുഞ്ഞിനെ കിടത്തി ആ അമ്മ തളർന്നിരുന്നു. കുഞ്ഞ് കൈകാലിട്ടടിച്ച് അലറിക്കരഞ്ഞു കൊണ്ടിരുന്നു. അത്ഭുതമെന്നോണം, കുഞ്ഞിന്റെ കൈ കാലുകൾ മണലിൽ പതിഞ്ഞുണ്ടായ അടയാളങ്ങളിൽ നനവു പടരാൻ തുടങ്ങി. ക്രമേണ അതൊരു നീരുറവായി മാറി. അതാണ് മുസ്ലീംങ്ങൾ പുണ്യ ജലമായി കരുതുന്ന സംസം വെള്ളം. അമ്മയും മകനും ആവോളം ജലപാനം നടത്തി. ഇതിനിടയിൽ ചില മാലാഖമാർ പ്രത്യക്ഷപ്പെട്ടു. ഭക്ഷണവും മറ്റും നൽകി അവരെ ആശ്വസിപ്പിച്ചു. ഈ സംഭവത്തിന്റെ ഓർമ്മക്കായാണ് സഫാ , മാർവാകുന്നുകൾക്കിടയിൽ ഹജ്ജ് സംഘം ഓടുന്നത്. ഇവിടെ ദൈവത്തിന്റെ സന്ദേശം വ്യക്തമാണ്. എത് മണലാരണ്യത്തിലും ദൈവ കൃപയുണ്ടെങ്കിൽ നീരുറവകൾ പ്രത്യക്ഷപ്പെടും. ദൈവം ആദ്യം കേൾക്കുന്ന പ്രാർത്ഥന ഏതെങ്കിലും സമ്പന്നന്റേതല്ല. പകരം ഒരു അടിമ പെൺകുട്ടിയുടേതാണന്ന സന്ദേശവും അതിലടങ്ങിയിട്ടുണ്ട്.